പനാജി: രാമക്ഷേത്ര പ്രതിഷ്ഠാദിനമായ ജനുവരി 22ന് ഉത്തർ പ്രദേശിലും അസമിലും ഛത്തീസ്‌ഗഡിലും മദ്യവിൽപ്പനയ്ക്ക് വിലക്ക്. പ്രതിഷ്ഠാദിനത്തിന്റെ വിശുദ്ധിയും പവിത്രതയും കാത്തുസൂക്ഷിക്കാനാണ് തീരുമാനമെന്ന് സംസ്ഥാന സർക്കാരുകൾ അറിയിച്ചു. മദ്യഷോപ്പുകളിൽ മാത്രമല്ല, ബാറുകൾ, പബുകൾ, റസ്റ്ററന്റുകൾ തുടങ്ങിയ ഇടങ്ങളിലും മദ്യം വിൽക്കാൻ പാടില്ലെന്നാണ് ഉത്തരവ്.

ഛത്തീസ്‌ഗഡ് സർക്കാരാണ് രാമപ്രതിഷ്ഠാദിനത്തിൽ ഡ്രൈ ഡേ ആയിരിക്കുമെന്ന് ആദ്യം പ്രഖ്യാപിച്ചത്. തൊട്ടുപിന്നാലെ അസം മന്ത്രിസഭായോഗത്തിനുശേഷമുള്ള വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി ഹിമന്ത ബിസ്വ ശർമയും ഇതേ നിലപാട് അറിയിച്ചു. പ്രതിഷ്ഠാദിനം ദേശീയ ഉത്സവമായിരിക്കുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. യുപിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്. ഗോവയിൽ മുഖ്യമന്ത്രി പ്രമോദ് സാവന്ത് പൊതു അവധി പ്രഖ്യാപിച്ചു.

അന്നേദിവസം ഡ്രൈ ഡേ പ്രഖ്യാപിക്കണമെന്ന് ബിജെപി നേതാക്കൾ ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനോട് ആവശ്യപ്പെട്ടു. കൂടാതെ അന്ന് മദ്യവും മാംസവും വിൽക്കുന്നത് നിരോധിക്കണമെന്നും ബിജെപി രാജ്യസഭാ എംപി ദീപക് പ്രകാശ് ഹേമന്ത് സോറന് അയച്ച കത്തിൽ ആവശ്യപ്പെട്ടു.