ലഖ്നൗ: വിവാഹ ചടങ്ങുകളിൽ പാട്ടും നൃത്തവും ഉണ്ടെങ്കിൽ നിക്കാഹ് നടത്തില്ലെന്ന് ഉത്തർപ്രദേശ് മുസ്ലിം പുരോഹിതന്മാർ. വിവാഹത്തിന് ഡിജെയും പാട്ടും നൃത്തവും ഉണ്ടെങ്കിൽ, ഞങ്ങൾ നിക്കാഹ് നടത്തില്ലെന്ന് ഉലമമാരുടെയും പുരോഹിതന്മാരുടെയും യോഗത്തെ അഭിസംബോധന ചെയ്ത ശേഷം ഖാസി-ഇ-ഷഹർ മൗലാന ആരിഫ് ഖാസ്മി പറഞ്ഞു. വിവാഹ ചടങ്ങുകളിലെ പാട്ടും നൃത്തവും ഇസ്ലാമിക സംസ്‌കാരത്തിന്റെ ഭാഗമല്ലെന്നും ഇത് അമിതമായി പണം ചിലവഴിക്കുന്നതിന് തുല്യമാണെന്നും ഖാസ്മി കൂട്ടിച്ചേർത്തു.

മുസ്ലിം സമൂഹത്തെ സാമൂഹിക തിന്മകളിൽ നിന്ന് മോചിപ്പിക്കാനും പെൺകുട്ടിയുടെ വീട്ടുകാർക്ക് അധിക സാമ്പത്തിക ബാധ്യത വഹിക്കാതിരിക്കാനും ഉലമകൾ ആഗ്രഹിക്കുന്നുവെന്ന് പുരോഹിതൻ പറഞ്ഞു. നിക്കാഹ് സമയത്ത് ഡിജെ ഗാനങ്ങളിൽ നൃത്തം ചെയ്യുന്നത് 'അനിസ്ലാമികമാണ്' എന്നും ഖാസിമാർ അത്തരം വിവാഹങ്ങൾ നടത്തില്ലെന്നും നേരത്തെ ഉത്തർപ്രദേശിലെ ദേവ്ബന്ദിൽ ഒരു ഇസ്ലാമിക പുരോഹിതൻ പറഞ്ഞിരുന്നു.

സെൽഫി എടുക്കുകയും ഡിസൈനർ ബുർഖ ധരിക്കുന്നതും പോലുള്ള കാര്യങ്ങൾ ചെയ്തതിന് മുസ്ലിം സ്ത്രീകൾക്ക് വിവിധ ഇസ്ലാമിക പുരോഹിതന്മാർ നിരവധി ഫത്വകൾ പുറപ്പെടുവിച്ചിട്ടുണ്ട്. 'പർദയും ബുർഖയും സ്ത്രീകളെ ചൂഴ്ന്ന് നോക്കുന്ന കണ്ണുകളിൽ നിന്ന് രക്ഷിക്കാൻ വേണ്ടിയാണ്. 'ഇറുകിയ വസ്ത്രങ്ങളോ ഡിസൈനർ ബുർഖകളോ ധരിക്കാൻ ഇസ്ലാമിലെ സ്ത്രീകൾക്ക് അനുവാദമില്ല,'ഫത്വകളിൽ പറയുന്നു.

അതുപോലെ, ഇസ്ലാമിക സെമിനാരി ദാറുൽ ഉലൂം ദയൂബന്ദ് പുറപ്പെടുവിച്ച ഫത്വയിൽ, പലിശയിലൂടെ സമ്പാദിക്കുന്ന പണം ഇസ്ലാമിന്റെ ദൃഷ്ടിയിൽ നിയമവിരുദ്ധമായതിനാൽ മുസ്ലിം കുടുംബങ്ങൾ, ബാങ്കുകളിൽ ജോലി ചെയ്യുന്ന പുരുഷന്മാരെയും സ്ത്രീകളെയും വിവാഹം കഴിക്കുന്നത് ഒഴിവാക്കണമെന്നും നിർദേശിച്ചു.