മുംബൈ: സനാതന ധർമ പരാമർശത്തിൽ തമിഴ്‌നാട് മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിനെതിരെ മുംബൈയിലെ മീര റോഡ് പൊലീസ് സ്റ്റേഷനിലും എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. വിവിധ ഗ്രൂപ്പുകൾക്കിടയിൽ ശത്രുത വളർത്തി, (ഐപിസി 153 എ), മതവികാരം വ്രണപ്പെടുത്തി (ഐപിസി 295 എ) എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

പരാമർശത്തിൽ, കഴിഞ്ഞയാഴ്ച ഉത്തർപ്രദേശിലെ രാംപുരിൽ അദ്ദേഹത്തിനെതിരെ ഒരു എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നു. ഉദയനിധിയുടെ പരാമർശത്തെ പിന്തുണച്ചതിന് കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ മകൻ പ്രിയങ്ക് ഖർഗെയെയും എഫ്‌ഐആറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഐപിസി 295 എ, 153 എ എന്നീ വകുപ്പുകൾ പ്രകാരമാണ് ഇരുവർക്കുമെതിരെ കേസെടുത്തിരിക്കുന്നത്.

ബിഹാറിലെ മുസാഫർപുർ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലും ഉദയനിധിക്കെതിരെ പരാതി നൽകിയിട്ടുണ്ട്. ഉദയനിധിക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട്ടിലെ ബിജെപി നേതാക്കളുടെ ഒരു സംഘം ചൊവ്വാഴ്ച സംസ്ഥാന പൊലീസിന് നിവേദനം നൽകിയിരുന്നു. സനാതന ധർമത്തെ ഡെങ്കിപ്പനി, മലേറിയ തുടങ്ങിയ രോഗങ്ങളുമായി താരതമ്യപ്പെടുത്തിയ അദ്ദേഹം അതിനെ തുടച്ചുനീക്കണമെന്ന് ആഹ്വാനം ചെയ്തിരുന്നു. പരാമർശം ദേശീയ തലത്തിൽ വലിയ രാഷ്ട്രീയ വിവാദത്തിന് വഴിവച്ചു.