മുംബൈ: കാലവർഷം ശക്തമായതോടെ മുംബൈ നഗരത്തിന്റെ പലഭാഗത്തും വെള്ളക്കെട്ട്. താഴ്ന്ന പ്രദേശത്തെ റോഡുകളിൽ വെള്ളം കയറി. ഗാഡ്‌കോപ്പറിൽ കെട്ടിടം തകർന്നുവീണു. രണ്ടുപേർക്കായി തിരച്ചിൽ തുടരുകയാണ്. മഹാരാഷ്ട്രയുടെ തീരദേശ ജില്ലകളിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്.

വാഹനങ്ങൾ പലയിടത്തും വെള്ളക്കെട്ടിൽ മുങ്ങി. കഴിഞ്ഞദിവസം ശിവാജിനഗറിൽ മാൻഹോൾ വൃത്തിയാക്കാൻ ഇറങ്ങിയ രണ്ട് തൊഴിലാളികൾ മരിച്ചു. പലയിടത്തും മരംവീണും മേൽക്കൂര തകർന്നുവീണും അപകടങ്ങളുണ്ടായി. വെള്ളക്കെട്ട് രൂക്ഷമായ അന്ധേരി സബ്വേ അടക്കമുള്ള സ്ഥലങ്ങൾ സന്ദർശിച്ച് മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ സ്ഥിതി വിലയിരുത്തി.

തീരദേശ ജില്ലകളിൽ പലയിടത്തും കനത്ത മഴ തുടരുകയാണ്. റായ്ഗഡ്, രത്‌നഗിരി ജില്ലകളിൽ ഓറഞ്ച് അലർട്ടും മുംബൈയിലും താനെ, പാൽഘർ, സിന്ധുദുർഗ് എന്നിവിടങ്ങളിൽ യെലോ അലർട്ടും പ്രഖ്യാപിച്ചു. ബിപോർജോയ് ചുഴലിക്കാറ്റിനെ തുടർന്നാണ് കാലവർഷത്തിന്റെ വരവ് രണ്ടാഴ്ചയോളം വൈകിയത്.