ന്യൂഡൽഹി: രാജ്യത്തെ ഐടി ചട്ടങ്ങളിൽ കേന്ദ്രസർക്കാർ കൊണ്ടു വന്ന ഭേദഗതിയെ രൂക്ഷമായി വിമർശിച്ച് മുതിർന്ന അഭിഭാഷകനും രാജ്യസഭാ എംപിയുമായ കപിൽ സിബൽ. ഐടി നിയമം ഭേദഗതി ചെയ്തത് സാമൂഹിക മാധ്യമങ്ങളെ പിടിച്ചടക്കുക ലക്ഷ്യമിട്ടാണെന്ന് മുൻ ഐടി മന്ത്രി കൂടിയായ കപിൽ സിബൽ ആരോപിച്ചു. സാമൂഹികമാധ്യമ ഉപഭോക്താക്കളുടെ പരാതികൾ പരിഹരിക്കാൻ അപ്പീൽ സമിതികൾ രൂപവത്കരിക്കുന്നതിനായി ഐ.ടി. ചട്ടങ്ങളിൽ വെള്ളിയാഴ്ച കേന്ദ്രം ഭേദഗതി വരുത്തിയിരുന്നു.

'ആദ്യം അവർ ടെലിവിഷൻ നെറ്റ് വർക്കുകൾ പിടിച്ചെടുത്തു. ഇപ്പോഴവർ സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകൾ പിടിക്കാനുള്ള നീക്കത്തിലാണ്. ഇത് മാധ്യമരംഗം ഒന്നടങ്കം വരുതിയിലാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്' - സിബൽ ആരോപിച്ചു.

അഭിപ്രായ സ്വാതന്ത്ര്യം ഉപയോഗിക്കാൻ ബാക്കിയുള്ള ഏക ഇടം സമൂഹ മാധ്യമങ്ങൾ ആയിരുന്നു. അവിടെയും കേന്ദ്രം ഇടപെടുകയാണ്. എല്ലാ തരം മാധ്യമങ്ങളെയും വരുതിയിലാക്കനാണ് കേന്ദ്രസർക്കാരിന്റെ നീക്കമെന്നും. വിമർശിച്ചാൽ പോലും കേസെടുക്കുന്ന സാഹചര്യമാണ് നിലവിൽ രാജ്യത്തുള്ളതെന്നും കപിൽ സിബൽ പറഞ്ഞു.

സാധാരണ ജനങ്ങൾക്ക് മുന്നിൽ ബാക്കിയായ സാധ്യതയായിരുന്നു സാമൂഹിക മാധ്യമങ്ങൾ, ഒരു രാഷ്ട്രീയ പാർട്ടി, ഒരു ഭരണസംവിധാനം, ഒരു നിയമം, ആരോടും ഉത്തരം പറയേണ്ടതില്ലാ ഒരു നിലയിലേക്ക് നീങ്ങുകയാണ്.

സർക്കാരിന് സുരക്ഷിതമാണ് മറ്റുള്ളവർക്ക് സുരക്ഷിതത്വമില്ല - അതാണ് ഈ സർക്കാരിന്റെ എക്കാലത്തേയും നയം. സാധാരണ പൗരന്മാർക്ക് അവശേഷിച്ച ഒരേയൊരു വേദിയായിരുന്നു സാമൂഹിക മാധ്യമങ്ങൾ. ഇവിടെ അഭിപ്രായം പറയുമ്പോൾ കേസെടുക്കുന്നുവെന്നും കപിൽ സിബൽ പറഞ്ഞു.

ഉപഭോക്താക്കളുടെ സുരക്ഷ കണക്കിലെടുത്താണ് ഐടി നിയമം ഭേദഗതി ചെയ്ത് പരാതിപരിഹാര സമിതകൾ കൊണ്ടുവരുന്നതെന്നാണ് സർക്കാർ വാദം. സാമൂഹിക മാധ്യമങ്ങളെ നിയന്ത്രിക്കാനുള്ള സർക്കാർ നീക്കത്തിനെതിരേ നേരത്തേ ട്വിറ്റർ അടക്കമുള്ളവർ രംഗത്തുവന്നിരുന്നു.