അഹമ്മദാബാദ്: ഗുജറാത്തിൽ പട്ടം പറത്തൽ ഉത്സവത്തിനിടയിൽ നൂല് കഴുത്തിൽ കുരുങ്ങി മരിച്ചത് മൂന്ന് കുട്ടികളടക്കം ആറ് പേർ. ഉത്തരായൺ ഉത്സവത്തിനോടനുബന്ധിച്ചുള്ള പട്ടം പറത്തൽ മത്സരത്തിനിടെയാണ് അപകടമുണ്ടായത്. ഉത്സവത്തിനോടനുബന്ധിച്ച് നടന്ന മത്സരത്തിൽ ആളുകൾ കൂട്ടമായി വീടുകുടെ ടെറസിൽ നിന്നും പട്ടം പറത്തിയിരുന്നു.

മത്സരത്തിൽ പങ്കെടുക്കുന്ന മറ്റ് പട്ടങ്ങളെ അരിഞ്ഞ് വീഴ്‌ത്താൻ നൂലിൽ കുപ്പിച്ചില്ല് അടക്കമുള്ളവ ചേർക്കുക പതിവാണ്. ഈ നൂല് കഴുത്തിൽ കുരുങ്ങി മുറിഞ്ഞാണ് അപകടമുണ്ടായത്. പിതാവിനൊപ്പം സ്‌കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന രണ്ട് വയസ്സുകാരിയും നൂല് കഴുത്തിൽ കുരുങ്ങി മരിച്ചു. നൂല് കഴുത്തിൽ കുരുങ്ങി ഗുരുതരമായി മുറിഞ്ഞതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പെൺകുട്ടി ഞായറാഴ്‌ച്ചയാണ് മരിച്ചത്.

മറ്റൊരു സംഭവത്തിൽ കിസ്മത് എന്ന് പേരുള്ള മൂന്ന് വയസ്സുള്ള പെൺകുട്ടിയാണ് മരിച്ചത്. വിസ്‌നഗർ ടൗണിൽ ശനിയാഴ്‌ച്ച അമ്മയ്‌ക്കൊപ്പം വീട്ടിലേക്ക് നടന്നു പോകുന്നതിനിടയിലാണ് പട്ടത്തിന്റെ നൂല് കുട്ടിയുടെ കഴുത്തിൽ കുരുങ്ങിയത്. രക്തം വാർന്ന കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടങ്ങളിൽ 130 ഓളം പേർക്കാണ് പരിക്കേറ്റത്. 46 പേർ പട്ടം പറത്തുന്നതിനിടയിൽ ഉയരങ്ങളിൽ നിന്ന് വീണ് അപകടത്തിൽപെട്ടു.