കാൺപൂർ: രാജ്യത്ത് മുത്തലാഖ് ശിക്ഷാർഹമാക്കിയതോടെ മുസ്ലിം സമുദായത്തിൽ, വിവാഹ മോചനങ്ങൾ കുറഞ്ഞെങ്കിലും, ചില ഒറ്റപ്പെട്ട സംഭവങ്ങൾ ആവർത്തിക്കുന്നു. ഒടുവിലത്തെ സംഭവം കാൺപൂരിലാണ്. പുരികം ഷെയ്പ് ചെയ്തത് ഇഷ്ടപ്പെടാത്തതിന്റെ പേരിൽ തന്നെ ഭർത്താവ് സൗദിയിൽ നിന്ന് ഫോൺ വഴി മുത്തലാഖ് ചൊല്ലിയെന്നാണ് ഭാര്യയുടെ പരാതി.

ഗുൽസൈബ എന്ന വനിതയാണ് പൊലീസിൽ പരാതി നൽകിയത്. 2022ലാണ് ഇവർ ഇപ്പോൾ സൗദിയിൽ ജോലി ചെയ്യുന്ന സലിമിനെ വിവാഹം ചെയ്തത്. ഓഗസ്റ്റ് 30 ന് സലിം സൗദിക്ക് പോയതിൽ പിന്നെ ഭർതൃവീട്ടുകാർ നിരന്തരം സ്ത്രീധനം ചോദിച്ച് പീഡിപ്പിക്കുകയായിരുന്നു എന്ന് ഗുൽസൈബ ആരോപിക്കുന്നു.

തന്റെ ഭർത്താവ് പഴഞ്ചൻ മട്ടുകാരൻ ആണെന്നും, തന്റെ വസ്ത്രധാരണത്തെ ചൊല്ലി കലഹിക്കാറുണ്ടെന്നും പരാതിയിൽ പറയുന്നു. ഒക്ടോബർ നാലിനാണ് വിവാദ സംഭവം. ഇരുവരും വീഡിയോ കോൾ ചെയ്യുകയായിരുന്നു. അപ്പോഴാണ് ഭാര്യ പുരികമൊക്കെ ഷെയ്പ് ചെയ്ത് പരിഷ്‌കാരിയായ കാര്യം സലിം ശ്രദ്ധിച്ചത്. തുടർന്ന് ചോദ്യം ചെയ്യലായി. തന്റെ മുഖത്തിന് ചേരുമെന്ന് കണ്ടാണ് പുരികം ഷെയ്പ് ചെയ്തതെന്ന വാദമൊന്നും സലിമിന് രുചിച്ചില്ല. അയാൾക്ക് ദേഷ്യം വന്നു.

സലിം ഗുൽസൈബയെ ഭീഷണിപ്പെടുത്തി:' നി എന്നോട് ചോദിക്കാതെ പുരികം ഷെയ്പ് ചെയ്തു. ഇന്നുഞാൻ നിന്നെ ഈ വിവാഹത്തിൽ നിന്ന് മുക്തയാക്കുന്നു'. തുടർന്ന് മുന്നുതവണ തലാഖ് ചൊല്ലി കോൾ വിച്ഛേദിച്ചു. പിന്നീട് വിളിച്ചിട്ടും ഫോൺ എടുത്തില്ല.

ഭർത്താവും, ഭർത്യമാതാവ് അടക്കം ആറുപേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. കല്യാണം കഴിഞ്ഞിട്ട് ഒരുവർഷമേ ആയുള്ളു. നേരത്തെ തന്നെ എന്നോട് ആദരവില്ലാതെ പെരുമാറിയിരുന്ന ഭർത്താവ് ഇപ്പോൾ മുത്തലാഖ് ചൊല്ലിയിരിക്കുകയാണ്. അയാൾക്കെതിരെ പൊലീസ് ഉചിതമായ നടപടി എടുക്കണം, ഗുൽസൈബ  ആവശ്യപ്പെട്ടു.