ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ ഒമ്പത് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ സിബിഐ ഓഫിസ് വിട്ടയച്ചു. അറസ്റ്റ് ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല. തന്നോട് ആം ആദ്മി പാർട്ടി വിടാൻ ആവശ്യപ്പെട്ടെന്നും മുഖ്യമന്ത്രി പദവി വാഗ്ദാനം ചെയ്‌തെന്നും അദ്ദേഹം ആരോപിച്ചു. അല്ലാത്ത പക്ഷം കേസുകൾ തുടരുമെന്ന് ഭീഷണിപ്പെടുത്തിയതായും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

'ഈ കേസിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടതാണ്. ഇത് ഇങ്ങനെ തന്നെപോകും. എന്നെ ബിജെപി മുഖ്യമന്ത്രിയാക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഓപ്പറേഷൻ താമരയിൽ വീഴില്ലെന്ന് ഞാൻ പറഞ്ഞു'- സിസോദിയ മാധ്യമങ്ങളോട് പറഞ്ഞു.

ഗുജറാത്ത് തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ സിസോദിയയെ ജയിലിലടക്കാനാണ് ബിജെപി ലക്ഷ്യമെന്ന് പാർട്ടി അധ്യക്ഷനും മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ ആരോപിച്ചിരുന്നു. എന്നാൽ, ഒരു ജയിലിനും അദ്ദേഹത്തെ പാർപ്പിക്കാൻ കഴിയില്ലെന്നും ജയിലിന്റെ പൂട്ടുകൾ തകർന്ന് മനീഷ് സിസോദിയ സ്വതന്ത്രനാകുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു.

സിസോദിയയെ ചോദ്യം ചെയ്തതിനെതിരെ പ്രതിഷേധിച്ച സഞ്ജയ് സിങ് എംപി ഉൾപ്പെടെ നിരവധി എ.എ.പി നേതാക്കളെ ഇന്ന് രാവിലെ കസ്റ്റഡിയിലെടുത്തിരുന്നു. നൂറോളം നേതാക്കളെയും പ്രവർത്തകരെയും സിബിഐ ഓഫിസിന് പുറത്ത് തടഞ്ഞുവെച്ചു.

ഡൽഹി ലെഫ്റ്റനന്റ് ഗവർണർ വി.കെ സക്സേനയിൽനിന്ന് അന്വേഷണത്തിന് അനുമതി ലഭിച്ചതിനെത്തുടർന്ന് ആഗസ്റ്റിൽ സിസോദിയയുടെ വീട്ടിൽ നിരവധി പരിശോധനകൾ നടത്തിയിരുന്നു.