ഗുവാഹത്തി: സർക്കാർ തസ്തികകളിലേക്കുള്ള മത്സര പരീക്ഷയിലെ ക്രമക്കേടു തടയാൻ മുൻകരുതലായി അസമിൽ 25 ജില്ലകളിലെ ഇന്റർനെറ്റ് ബന്ധം നാല് മണിക്കൂർ വിഛേദിച്ചു. പുറമേ, പരീക്ഷ നടക്കുന്ന ജില്ലകളിൽ നിരോധനാജ്ഞയും പ്രഖ്യാപിച്ചു.

ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ വിവിധ സർക്കാർ വകുപ്പുകളിലെ ഗ്രേഡ് 3,ഗ്രേഡ് 4 തസ്തികകളിലേക്കുള്ള നിയമനത്തിനായി നടത്തുന്ന രണ്ടുഘട്ട പരീക്ഷകൾക്ക് 14.3 ലക്ഷത്തിലേറെ അപേക്ഷകരുണ്ട്. ആദ്യഘട്ട പരീക്ഷ ഇന്നലെ രാവിലെ 10 മുതൽ 12 വരെയും ഉച്ചകഴിഞ്ഞ് 2 മുതൽ 4 വരെയും നടന്നു.

പരീക്ഷാസമയം ഇന്റർനെറ്റ് തടസ്സപ്പെടുമെന്നറിയിച്ച് ഇന്റർനെറ്റ് ദാതാക്കൾ ഉപയോക്താക്കൾക്കു മുൻകൂട്ടി സന്ദേശം അയച്ചിരുന്നു. ഈ മാസം 28, സെപ്റ്റംബർ 11 തീയതികളിലാണു രണ്ടാം ഘട്ട പരീക്ഷകൾ.