ഗുവാഹട്ടി: അസമിനെതിരെ നിരന്തരം വിമർശനം ഉന്നയിക്കുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് മറുപടിയുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. അസമിൽ അറുപതിനായിരത്തോളം സർക്കാർ പ്രൈമറി, സെക്കൻഡറി സ്‌കൂളുകൾ ഉണ്ട്. ഇവിടങ്ങളിൽ രണ്ട് ലക്ഷത്തിന് മുകളിൽ അദ്ധ്യാപകർ ജോലി ചെയ്യുന്നുണ്ടെന്നും ശർമ്മ ചൂണ്ടിക്കാട്ടി.

2013ന് ശേഷം അസമിൽ 8610 പുതിയ സ്‌കൂളുകൾ സ്ഥാപിക്കപ്പെട്ടു. നിരവധി എലമെന്ററി സ്‌കൂളുകളും സ്വകാര്യ സ്‌കൂളുകളും സർക്കാർ ഏറ്റെടുത്തു. 81 കസ്തൂർബ ഗാന്ധി ബാലിക വിദ്യാലയങ്ങളും 3 നേതാജി സുഭാഷ് ചന്ദ്രബോസ് ആവശിക് വിദ്യാലയങ്ങളും 38 ആദർശ വിദ്യാലയങ്ങളും 97 മോഡൽ സ്‌കൂളുകളും പുതിയതായി സ്ഥാപിക്കപ്പെട്ടുവെന്നും ഹിമന്ത ബിശ്വ ശർമ്മ വ്യക്തമാക്കി.

കെജ്രിവാൾ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ഡൽഹിയിൽ എത്ര സ്‌കൂളുകൾ സ്ഥാപിച്ചുവെന്ന് അസം വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോക്ടർ രണൂജ് പെഗു ചോദിച്ചു. ഡൽഹിയിലെ പത്താം ക്ലാസ് വിജയ ശതമാനം 99.09ൽ നിന്നും 81.27 ശതമാനത്തിലേക്ക് താഴ്‌ത്തുകയാണ് കെജ്രിവാൾ സർക്കാർ ചെയ്തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.