അഗർത്തല: ത്രിപുരയിലെ രാജ്യസഭാ ഉപതെരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥിയായി മുൻ മുഖ്യമന്ത്രി ബിപ്ലവ് കുമാർ ദേബ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ഡോ. മാണിക് സാഹ മുഖ്യമന്ത്രിയായതോടെയാണ് ത്രിപുരയിലെ രാജ്യസഭാ സീറ്റിൽ ഒഴിവ് വന്നത്. ഈ മാസം 22നാണ് ഉപതെരഞ്ഞെടുപ്പ്.

മുഖ്യമന്ത്രി ഡോ. മാണിക് സാഹ, ഉപമുഖ്യമന്ത്രി ജിഷ്ണു ദേവ് വർമ, കേന്ദ്ര സഹമന്ത്രി പ്രതിമ ഭൗമിക്, ബിജെപി സംസ്ഥാന അധ്യക്ഷൻ എന്നിവരും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാർട്ടി നേതൃത്വവും ഹരിയാനയുടെ പാർട്ടി ചുമതല നൽകിയതിനൊപ്പം സംസ്ഥാനത്തുനിന്നുള്ള രാജ്യസഭാ സ്ഥാനാർത്ഥിയായി നാമനിർദ്ദേശം ചെയ്യുകയുമായിരുന്നു. ത്രിപുരയിലും ഹരിയാനയിലും പാർട്ടിയെ ശക്തിപ്പെടുത്താൻ പരമാവധി ശ്രമിക്കുമെന്ന് പത്രികാ സമർപ്പണത്തിനു ശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.