ന്യൂഡൽഹി: സ്ഥാനാർത്ഥികളുടെയോ പങ്കാളിയുടെയോ ബന്ധുക്കളുടെയോ സ്വത്തുവിവരം സംബന്ധിച്ചു സത്യവാങ്മൂലത്തിൽ തെറ്റായ വിവരം നൽകുന്നതു അഴിമതിയുടെ പരിധിയിൽ വരുമെന്ന് സുപ്രീം കോടതി. മൈസൂരു മുനിസിപ്പൽ കോർപറേഷനിൽ വാർഡ് കൗൺസിലറായി വിജയിച്ച രുക്മിണി മാദേഗൗഡയുടെ തിരഞ്ഞെടുപ്പു റദ്ദാക്കിയ നടപടി ശരിവച്ച ഹൈക്കോടതി വിധിക്കെതിരെ നൽകിയ ഹർജി പരിഗണിക്കവെയാണ് സുപ്രീം കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

സ്ഥാനാർത്ഥികൾ നൽകുന്ന സത്യവാങ്മൂലം പരസ്യപ്പെടുത്താൻ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷനുകൾക്കുള്ള അധികാരം ശരിവച്ചുകൊണ്ടാണ് ചീഫ് ജസ്റ്റിസ് യു.യു.ലളിത് അധ്യക്ഷനായ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.

തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ തെറ്റായ വിവരങ്ങൾ നൽകിയെന്ന പരാതിയിൽ നിലമ്പൂർ എംഎ‍ൽഎ പി.വി അൻവറിനെതിരെ തുടർനടപടി സ്വീകരിക്കാൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ നേരത്തെ അനുമതി നൽകിയിരുന്നു. ആരോപണം ചൂണ്ടിക്കാട്ടി പരാതിക്കാരന് കോടതിയെ സമീപിക്കാമെന്നായിരുന്നു അറിയിച്ചത്.

2011ലും 2016ലും നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ സമർപ്പിച്ച സത്യവാങ്മൂലങ്ങളിൽ വലിയ ക്രമക്കേടുകൾ ഉണ്ടെന്നും ഭാര്യയുടെ സ്വത്തുവിവരങ്ങൾ മറച്ചുവെച്ചെന്നും ചൂണ്ടിക്കാട്ടി ഗവർണർക്കാണ് പരാതി നൽകിയത്. കൂടുതൽ പരിശോധനക്കായി ഗവർണർ പരാതി ചീഫ് സെക്രട്ടറിക്കും തുടർന്ന് തെരഞ്ഞെടുപ്പ് കമീഷനും കൈമാറുകയായിരുന്നു. കമീഷന്റെ പരിശോധനയിലാണ് ജനപ്രാതിനിധ്യ നിയമം 125 എ പ്രകാരം പരാതിയിൽ കഴമ്പുണ്ടെന്നും പരാതിക്കാരന് കോടതിയെ സമീപിക്കാമെന്നും വ്യക്തമാക്കിയത്.