ബെംഗളൂരു: ദീപാവലി സമ്മാനമായി തദ്ദേശ ഭരണ ജനപ്രതിനിധികൾക്ക് സ്വർണവും പണവും പട്ടുസാരിയും നൽകിയ കർണാടക മന്ത്രി പുലിവാല് പിടിച്ചു. കർണാടക ടൂറിസം മന്ത്രി ആനന്ദ് സിങ്ങാണ് വിലപിടിപ്പുള്ള സമ്മാനങ്ങൾ വിതരണം ചെയ്ത് വിവാദത്തിലായത്. തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് മന്ത്രിയുടെ സമ്മാന വിതരണമെന്ന ആരോപണവുമായി രാഷ്ട്രീയക്കാരടക്കം നിരവധി പേർ രംഗത്തു വന്നു. എന്നാൽ അങ്ങനെയല്ലാ എന്നാണ് മന്ത്രിയുടെ വിശദീകരണം.

ദീപാവലിയോടനുബന്ധിച്ച് ആനന്ദിന്റെ വീട്ടിൽ നടന്ന ലക്ഷ്മി പൂജയ്ക്കുള്ള ക്ഷണക്കത്തിനൊപ്പമായിരുന്നു ജനപ്രതിനിധികൾക്ക് സ്വർണം, വെള്ളി, വസ്ത്രം, പണം, പട്ടുസാരി തുടങ്ങിയവ സമ്മാനിച്ചത്. മുൻസിപ്പൽ കോർപ്പറേഷൻ അംഗങ്ങൾക്ക് ഒരു ലക്ഷം രൂപ, 144 ഗ്രാം സ്വർണം, ഒരു കിലോ വെള്ളി, ഒരു പട്ടു സാരി, ഒരു മുണ്ട്, ഡ്രൈ ഫ്രൂട്സ് ബോക്‌സ് എന്നിവ അടങ്ങിയ പെട്ടിയാണ് നൽകിയത്.

ഗ്രാമപഞ്ചായത്ത് അംഗങ്ങൾക്കും സമ്മാനങ്ങൾ അടങ്ങിയ പെട്ടി നൽകി. എന്നാൽ ഇവർക്ക് സ്വർണം നൽകിയില്ല. ക്ഷണക്കത്തും സമ്മാനങ്ങളും അടങ്ങിയ പെട്ടിയുടെ ചിത്രം വ്യാപകമായി പ്രചരിക്കുകയും ചെയ്തു. ആനന്ദിനെ പിന്തുണച്ച് അനുയായികൾ രംഗത്തെത്തി. എല്ലാ വർഷവും ആനന്ദ് ദീപാവലിക്ക് മണ്ഡലത്തിലെ ജനപ്രതിധികൾക്ക് സമ്മാനം അയയ്ക്കാറുണ്ടെന്നും തിരഞ്ഞെടുപ്പല്ല കാരണമെന്നുമാണ് വിശദീകരണം.