ന്യൂഡൽഹി: ഉത്തരേന്ത്യയിൽ അതിശൈത്യം. ഡൽഹി, ഹരിയാന, പഞ്ചാബ്, പടിഞ്ഞാറൻ ഉത്തർപ്രദേശ്, വടക്കൻ രാജസ്ഥാൻ എന്നിവിടങ്ങളിലെല്ലാം കടുത്ത മഞ്ഞും തണുപ്പുമാണ്. മൂടൽ മഞ്ഞ് അതിശക്തമായതിനാൽ ഡൽഹിയിൽ ഇന്നലെ ദൂരക്കാഴ്ച 50 മീറ്ററായി കുറഞ്ഞു. റോഡ്, ട്രെയിൻ ഗതാഗതത്തെ മൂടൽമഞ്ഞ് ബാധിച്ചു. ഡൽഹിയിൽ നിന്നു പുറപ്പെടേണ്ട 15 ട്രെയിനുകൾ വൈകിയാണ് പുറപ്പെട്ടത്. രണ്ട് ട്രെയിനുകളുടെ സമയം മാറ്റി. കനത്ത മൂടൽമഞ്ഞു കാരണം രാവിലെ 10 നും ഹൈഡ്ലൈറ്റ് തെളിയിച്ചാണ് വാഹനങ്ങൾ നിരത്തിലിറങ്ങിയത്.

ഇന്നലെയും ഡൽഹി ശീതക്കാറ്റിന്റെ പിടിയിലായിരുന്നു. നഗരത്തിൽ പലയിടങ്ങളിലും സാധാരണ അനുഭവപ്പെടുന്നതിലും 10 ഡിഗ്രിയിലേറെ കുറവായിരുന്നു താപനില. സഫ്ദർജങ് നിരീക്ഷണ കേന്ദ്രത്തിൽ രേഖപ്പെടുത്തിയ കുറഞ്ഞ താപനില 5.6 ഡിഗ്രി സെൽഷ്യസ് ആയിരുന്നു. കൂടിയ താപനില 15 ഡിഗ്രി. വടക്കുപടിഞ്ഞാറൻ ശീതക്കാറ്റാണു ഡൽഹിയിലും ഉത്തരേന്ത്യയുടെ മറ്റുഭാഗങ്ങളിലും തണുപ്പു കൂട്ടിയത്.

കശ്മീരിൽ താപനില മുൻദിവസത്തേക്കാൾ 2 ഡിഗ്രി കുറഞ്ഞു. ശ്രീനഗറിൽ കുറഞ്ഞ താപനില മൈനസ് 4.8 ആയി. വെള്ളം ഉറഞ്ഞതിനാൽ ദാൽ തടാകത്തിൽ നിന്നുള്ള പമ്പിങ് പ്രതിസന്ധിയിലാണ്.