ബെംഗളൂരു: കർണാടക നിയമസഭാ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾക്കിടെ കോൺഗ്രസ് നേതൃത്വത്തിന് കടുത്ത വെല്ലുവിളി ഉയർത്തി മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ. തെരഞ്ഞെടുപ്പിൽ കോലാർ മണ്ഡലത്തിൽ മത്സരിക്കുമെന്ന് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ പ്രഖ്യാപിച്ചു. ഡി.കെ.ശിവകുമാറുമായുള്ള പോരിനിടെയാണ് കോലാറിലെ റാലിയിൽ സിദ്ധരാമയ്യയുടെ ഏകപക്ഷീയ പ്രഖ്യാപനം. ''ഇന്ന് ഈ ജനങ്ങളെ സാക്ഷിയാക്കി പറയാൻ ആഗ്രഹിക്കുന്നു, കോലാർ എന്റെ തിരഞ്ഞെടുപ്പ് പോരാട്ടത്തിന് വേദിയാകും.'' സിദ്ധരാമയ്യ പറഞ്ഞു,

കോൺഗ്രസ് സ്ഥാനാർത്ഥിപ്പട്ടിക ഇത് വരെ പുറത്ത് വന്നിട്ടില്ലെന്നിരിക്കെയാണ് ഹൈക്കമാന്റിനെ മറികടന്ന് മുൻ കർണാടക മുഖ്യമന്ത്രിയുടെ നിർണായക പ്രഖ്യാപനം. ബദാമിയിൽ നിന്നായിരുന്നു നേരത്തെ സിദ്ധരാമയ്യ മത്സരിച്ച് വിജയിച്ചത്.

2018ലെ തിരഞ്ഞെടുപ്പിൽ വിജയിച്ച ബദാമിയിൽ വീണ്ടും മത്സരിക്കാനുള്ള സാധ്യത സിദ്ധരാമയ്യ നേരത്തേ തള്ളിയിരുന്നു. കോൺഗ്രസ് ഇതുവരെ സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടിട്ടില്ല. 2018ലെ തിരഞ്ഞെടുപ്പിൽ ബദാമി, ചാമുണ്ഡേശ്വരി മണ്ഡലങ്ങളിൽ നിന്നാണ് സിദ്ധരാമയ്യ മത്സരിച്ചത്. ബദാമിയിൽ ബിജെപി സ്ഥാനാർത്ഥിയോട് വിജയിച്ചപ്പോൾ ചാമുണ്ഡേശ്വരിയിൽ ജെഡിഎസ് സ്ഥാനാർത്ഥിയോടു തോറ്റു. ഈ വർഷം മേയിലാണ് കർണാടകയിൽ നിയമസഭാ തിരഞ്ഞെടുപ്പ്.

തന്നെക്കുറിച്ച് പുതുതായി പുറത്തിറക്കുന്ന പുസ്തകത്തിലൂടെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച് ബിജെപി പ്രതിച്ഛായ തകർക്കാൻ ശ്രമിക്കുകയാണെന്നു സിദ്ധരാമയ്യ ആരോപിച്ചു. സിദ്ധരാമയ്യയെ കുറിച്ചുള്ള ഉപന്യാസങ്ങളുടെ ശേഖരമായ 'സിദ്ധു നിജകനസുഗലു' എന്ന പുസ്തകത്തിന്റെ പ്രകാശനം കോടതി തടഞ്ഞിരുന്നു. സിദ്ധരാമയ്യയുടെ മകൻ യതീന്ദ്ര സിദ്ധരാമയ്യ നൽകിയ ഹർജിയിലാണ് ജില്ലാ കോടതിയുടെ നടപടി. ബിജെപി പിന്തുണയോടെയാണ് പുസ്തകം ഇറക്കുന്നതെന്നാണ് കോൺഗ്രസിന്റെ ആരോപണം.