റായ്പുർ: റായ്പുരിൽ നടന്ന ഇന്ത്യ - ന്യൂസീലൻഡ് രണ്ടാം ഏകദിന മത്സരം കാണാൻ ക്ഷണിക്കാത്തതിൽ ബിസിസിഐയെ വിമർശിച്ച് ഛത്തീസ്‌ഗഡ് ഗവർണർ അനുസൂയ ഉയ്‌കെ. കഴിഞ്ഞ ശനിയാഴ്ച റായ്പൂരിലെ ഷഹീദ് വീർ നാരായൺ സിങ് രാജ്യാന്തര സ്റ്റേഡിയത്തിൽ നടന്ന ഏകദിന മത്സരം കാണാൻ ഗവർണറായ തന്നെ ക്ഷണിച്ചില്ലെന്നാണു പരാതി.

സംഭവത്തിൽ കേന്ദ്രസർക്കാരിനെയും ബിസിസിഐയെയും രാജ്ഭവൻ പ്രതിഷേധം അറിയിക്കും. റായ്പൂർ സ്റ്റേഡിയത്തിലെ ആദ്യ രാജ്യാന്തര ഏകദിന മത്സരം കാണാൻ സംസ്ഥാനത്തെ പ്രമുഖ രാഷ്ട്രീയ നേതാക്കളും ഉന്നത ഉദ്യോഗസ്ഥരും എത്തിയിരുന്നു. സംസ്ഥാന മുഖ്യമന്ത്രി ഭൂപേഷ് ഭാഗേലിനും മന്ത്രിമാർക്കും എംഎൽഎമാർക്കും സ്റ്റേഡിയത്തിലേക്കു ക്ഷണം ലഭിച്ചിരുന്നു.

ഛത്തീസ്‌ഗഡ് ഹൈക്കോടതിയിലെ ജഡ്ജിമാർക്കും പരിപാടിയിലേക്കു ക്ഷണം ലഭിച്ചു. ഉടൻ തന്നെ കേന്ദ്രത്തേയും ബിസിസിഐയെയും പ്രതിഷേധം അറിയിക്കുമെന്ന് രാജ്ഭവൻ വക്താവ് പ്രതികരിച്ചു.

രാജ്ഭവന് ഔദ്യോഗിക ക്ഷണം ലഭിക്കാത്തതിൽ യാതൊരു ഉത്തരവാദിത്തവുമില്ലെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കി. സ്റ്റേഡിയം, സംഘാടകരായ ബിസിസിഐയ്ക്കു നൽകുക മാത്രമാണു ചെയ്തതെന്നും മറ്റെല്ലാ കാര്യങ്ങളും ബിസിസിഐയുടെ ചുമതലയാണെന്നുമാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്. റായ്പൂരിൽ ഇന്ത്യ എട്ട് വിക്കറ്റിനാണ് ന്യൂസീലൻഡിനെ കീഴടക്കിയത്. ജയത്തോടെ ഇന്ത്യ പരമ്പര സ്വന്തമാക്കുകയും ചെയ്തു.