മുംബൈ: കറാച്ചിയിൽ താലിബാൻ ഭീകരർ പൊലീസ് സ്റ്റേഷൻ ആക്രമിച്ച സംഭവത്തിൽ പാക്കിസ്ഥാനെ രൂക്ഷമായി വിമർശിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വെങ്കടേഷ് പ്രസാദ്. ഭീകരരെ വളർത്തുമ്പോൾ ഇതാണു തിരികെ ലഭിക്കുക എന്ന് വെങ്കടേഷ് പ്രസാദ് ഓർമ്മപ്പെടുത്തി. നിരപരാധികളായ മനുഷ്യരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടതെന്നും അതിൽ ദുഃഖമുണ്ടെന്നും വെങ്കടേഷ് പ്രസാദ് ട്വിറ്ററിൽ കുറിച്ചു.

''നിങ്ങൾ ഭീകരരെ വളർത്തുമ്പോൾ ഇതാണു തിരികെ ലഭിക്കുക. ഭീകരാക്രമണത്തിൽ ജീവൻ വെടിഞ്ഞവരെയോർത്ത് സങ്കടമുണ്ട്.'' വെങ്കടേഷ് പ്രസാദ് ട്വിറ്ററിൽ കുറിച്ചു.

ഭീകരർക്കെതിരെ നിലപാടെടുക്കാൻ പാക്കിസ്ഥാനു സാധിച്ചില്ലെന്നും വെങ്കടേഷ് പ്രസാദ് ആരോപിച്ചു. ഫെബ്രുവരി 17 വെള്ളിയാഴ്ച രാത്രിയാണ് താലിബാൻ ഭീകരർ കറാച്ചിയിലെ പൊലീസ് സ്റ്റേഷൻ ആക്രമിച്ചത്. 25 ഗ്രനേഡുകളാണ് ഭീകരർ പൊലീസ് സ്റ്റേഷനു നേരെ എറിഞ്ഞത്.

സംഭവത്തിൽ ഏഴു പേർ കൊല്ലപ്പെട്ടു. 19 പേർക്കു പരുക്കേൽക്കുകയും ചെയ്തു. 18ന് പാക്കിസ്ഥാൻ സൂപ്പർ ലീഗ് മത്സരം കറാച്ചിയിൽ നടക്കാനിരിക്കെയാണ് ഭീകരാക്രമണമുണ്ടായത്. മത്സരം മാറ്റിവച്ചിട്ടില്ല.