ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ യു.കെ പ്രസംഗത്തിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള രാഹുൽ ഗാന്ധിയുടെ വെറുപ്പ് ഇപ്പോൾ രാജ്യത്തോടുള്ള വെറുപ്പായി മാറിയെന്നാണ് സ്മൃതി ഇറാനി വിമർശിച്ചത്. പാർലമെന്റ് സമ്മേളനത്തിന്റെ മൂന്നാം ദിവസം ആരംഭിക്കാനിരിക്കെയാണ് സ്മൃതി ഇറാനിയുടെ പരാമർശം.

'പ്രധാനമന്ത്രി മോദിയെ കുറിച്ച്, ഇംഗ്ലണ്ടിലെ രാഹുൽ ഗാന്ധിയുടെ സംഭാഷണത്തിൽ നിരവധി നുണകൾ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള രാഹുൽ ഗാന്ധിയുടെ വെറുപ്പ് ഇപ്പോൾ രാജ്യത്തോടുള്ള വെറുപ്പായി മാറിയിരിക്കുകയാണെന്നും ബ്രിട്ടനിൽ പോയി പറഞ്ഞ കാര്യങ്ങൾക്ക് അദ്ദേഹം രാജ്യത്തോട് മാപ്പ് പറയണമെന്നും സ്മൃതി ആവശ്യപ്പെട്ടു.

ഇന്ത്യയുടെ പരമോന്നത നീതിപീഠം, തെരഞ്ഞെടുപ്പ് കമ്മീഷൻ തുടങ്ങിയ സ്ഥാപനങ്ങളുടെ സ്വയംഭരണാവകാശത്തെ രാഹുൽ ഗാന്ധി ചോദ്യം ചെയ്തിരിക്കുകയാണെന്നും സ്മൃതി ഇറാനി ആരോപിച്ചു.