ചെന്നൈ: ദക്ഷിണേന്ത്യയിൽ പ്രധാനമന്ത്രി സന്ദർശനം തുടരുന്നതിനിടെ നരേന്ദ്ര മോദിക്കെതിരെ തമിഴ്‌നാട്ടിലും തെലങ്കാനയിലും പ്രതിഷേധവുമായി പ്രതിപക്ഷ പാർട്ടികൾ. ചെന്നൈയിൽ കോൺഗ്രസിന്റെയും ദ്രാവിഡ സംഘടനകളുടെയും നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുന്നത്.

വൈകുന്നേരം മൂന്നിന് പ്രധാനമന്ത്രി തമിഴ്‌നാട്ടിലെത്താനിരിക്കെയാണ് പ്രതിഷേധം. ചെന്നൈ വിമാനത്താളത്തിന്റെ നവീകരിച്ച ടെർമിനൽ പ്രധാനമന്ത്രിയാണ് ഉദ്ഘാടനം ചെയ്യുക.'മോദി ഗോ ബാക്ക്' എന്നെഴുതിയ പോസ്റ്ററുകൾ ഉയർത്തിപ്പിടിച്ചാണ് പ്രവർത്തകർ പ്രതിഷേധിക്കുന്നത്.

രാഹുൽ ഗാന്ധിയുടെ പാർലമെന്റ് അംഗത്വം റദ്ദാക്കിയതിനെതിരെയാണ് കോൺഗ്രസിന്റെ പ്രതിഷേധം. മോദിയെ തമിഴ്‌നാട്ടിൽ കാല് കുത്താൻ അനുവദിക്കില്ലെന്ന നിലപാടാണ് ദ്രാവിഡ സംഘടനകൾക്കുള്ളത്.

അതേസമയം മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ പ്രധാനമന്ത്രിയോടൊപ്പം വേദി പങ്കിടുന്നതിനാൽ ഡിഎംകെ ഉൾപ്പെടെയുള്ള പാർട്ടികൾ പ്രത്യക്ഷ സമരത്തിനിറങ്ങിയിട്ടില്ല. ട്വിറ്ററിൽ 'മോദി ഗോ ബാക്ക്' എന്ന ഹാഷ് ടാഗിലൂടെയും പ്രതിഷേധമുയരുന്നുണ്ട്.

തെലങ്കാനയിലും പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധം ശക്തമാണ്. രാവിലെ 11.30നാണ് പ്രധാനമന്ത്രി സെക്കന്തരാബാദിലെത്തിയത്. സെക്കന്തരാബാദ്-തിരുപ്പതി വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.

മോദി പങ്കെടുക്കുന്ന പരിപാടിയുടെ വേദിക്ക് സമീപം മോദി വിരുദ്ധ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവു ചടങ്ങിൽനിന്ന് വിട്ടുനിന്നു. സംസ്ഥാനത്തെത്തിയ പ്രധാനമന്ത്രിയെ സ്വീകരിക്കാൻ ചന്ദ്രശേഖർ റാവു വിമാനത്താവളത്തിൽ എത്തിയില്ല.

വർഷാവസാനത്തോടെ തെലങ്കാനയിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് വമ്പൻ പദ്ധതികൾ ഉദ്ഘാടനം ചെയ്യാൻ പ്രധാനമന്ത്രി സംസ്ഥാനത്തെത്തുന്നത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിലും പ്രധാനമന്ത്രി സംസ്ഥാനത്ത് എത്തിയപ്പോൾ മുഖ്യമന്ത്രി വിട്ടുനിന്നിരുന്നു.

ഹൈദരാബാദിലെത്തിയ പ്രധാനമന്ത്രിയെ ഗവർണർ ഡോ. തമിഴിസൈ സൗന്ദർരാജന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. സെക്കന്തരാബാദ്- തിരുപ്പതി വന്ദേ ഭാരത് എക്സ്പ്രസ് പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്തു. ഫ്ളാഗ് ഓഫിന് മുമ്പായി പ്രധാനമന്ത്രി വിദ്യാർത്ഥികളുമായി സംവദിച്ചു. സംസ്ഥാനത്ത് ആകെ 11,300 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളുടെ കല്ലിടലിനും ഉദ്ഘാടനത്തിനുമായാണ് പ്രധാനമന്ത്രി തെലങ്കാനയിലെത്തിയത്.

പരിപാടികൾക്ക് പ്രോട്ടോകോൾ പ്രകാരം മുഖ്യമന്ത്രിയെ ക്ഷണിച്ചിരുന്നു. അതേസമയം, പ്രധാനമന്ത്രിയുടെ ചടങ്ങുകളിൽ നിന്ന് മാറിനിൽക്കുന്ന കെ.സി.ആർ. തനിക്ക് പകരം മന്ത്രി ടി. ശ്രീനിവാസ് യാദവിനെ പ്രധാനമന്ത്രിയെ സ്വീകരിക്കാനടക്കം ചുമതലപ്പെടുത്തിയെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.