ജയ്പുർ: രാജസ്ഥാനിലെ കോൺഗ്രസ് സർക്കാരിനെ പ്രതിരോധത്തിലാക്കി സച്ചിൻ പൈലറ്റ് നിരാഹാര സമരം തുടരുന്നതിനിടെ വന്ദേ ഭാരത് എക്സ്പ്രസിന്റെ ഫ്ളാഗ് ഓഫ് ചടങ്ങിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗെഹ്ലോത്തിനെ സുഹൃത്തെന്ന് വിശേഷിപ്പിച്ചാണ് ചടങ്ങിൽ മോദി പ്രസംഗിച്ചത്.

നിരവധി രാഷ്ട്രീയ പ്രതിസന്ധികൾക്കിടയിലൂടെ കടന്നുപോകുന്ന ഈ സമയത്തും വികസനപ്രവൃത്തികൾക്കായി സമയം കണ്ടെത്തുകയും റെയിൽവേ പരിപാടികളിൽ പങ്കെടുക്കയും ചെയ്ത ഗെലോട്ടിന് എന്റെ പ്രത്യേകമായ നന്ദി അറിയിക്കുന്നു', മോദി പറഞ്ഞു.

വിഡിയോ കോൺഫറൻസ് വഴിയാണ് മോദി വന്ദേ ഭാരത് എക്സ്പ്രസ് ഫ്ളാഗ് ഓഫ് ചടങ്ങിൽ പങ്കെടുത്തത്. ജയ്പുർ ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽവച്ചായിരുന്നു വന്ദേ ഭാരത് ഉദ്ഘാടന പരിപാടി. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്, രാജസ്ഥാൻ ഗവർണർ കൽരാജ് മിശ്ര തുടങ്ങിയവരും പരിപാടിയിൽ സന്നിഹിതരായിരുന്നു.

രാജസ്ഥാനിൽ ബിജെപി. സർക്കാർ ഭരിച്ചിരുന്ന കാലത്തെ അഴിമതികൾ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സച്ചിൻ പൈലറ്റ് നേരത്തേ ഗെലോട്ടിനെതിരേ രംഗത്തുവന്നിരുന്നു. പല തവണ സച്ചിൻ ഇതു സംബന്ധിച്ച ആവശ്യമുയർത്തിയിട്ടും ഗെലോട്ട് ഗൗനിച്ചില്ല. തുടർന്ന് കഴിഞ്ഞ ദിവസം ഈ ആവശ്യത്തിന്മേൽ സച്ചിൻ നിരാഹാരമാരംഭിക്കുകയായിരുന്നു.