ന്യൂഡൽഹി: അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ രാജ്യാന്തര വിമാനത്താവളത്തിൽ ലാൻഡ് ചെയ്ത ഉടനെ തന്നെ ഇൻഡിഗോ വിമാനം പറന്നുയർന്നത് യാത്രക്കാരിൽ ഭീതി പരത്തി. ചണ്ഡീഗഡിൽ നിന്ന് അഹമ്മദാബാദിലേക്ക് യാത്ര തിരിച്ച ഇൻഡിഗോ വിമാനത്തിലെ യാത്രക്കാരാണ് ഇരുപത് മിനിറ്റോളം ആശങ്കയുടെ മുൾമുനയിൽ നിന്നത്. വിമാനം ലാൻഡ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ആശയവിനിമയത്തിലെ കുഴപ്പമാണ് പ്രശ്നങ്ങൾക്ക് കാരണമെന്നാണ് റിപ്പോർട്ട്.

തിങ്കളാഴ്ച രാത്രിയാണ് സംഭവം. ചണ്ഡീഗഡിൽ നിന്ന് പുറപ്പെട്ട് ഇൻഡിഗോ വിമാനം ലാൻഡ് ചെയ്യാൻ പോകുന്നതിനിടെയാണ് ഉടനെ തന്നെ പറന്നുയർന്നത്. ലാൻഡ് ചെയ്യുന്നതിന് റൺവേയിൽ വീൽ തൊട്ടതിന് പിന്നാലെ ഞൊടിയിടയിൽ വിമാനം പറന്നുയർന്നതാണ് യാത്രക്കാരിൽ പരിഭ്രാന്തി സൃഷ്ടിച്ചത്. എന്താണ് സംഭവിക്കുന്നതെന്ന് മനസിലായില്ലെന്ന് വഡോദര സ്വദേശിയായ ഡോ. നീൽ താക്കർ പറയുന്നു. വിമാനത്തിൽ നൂറിലധികം യാത്രക്കാരാണ് ഉണ്ടായിരുന്നത്.

അന്തിമമായി ലാൻഡ് ചെയ്യുന്നതിന് മുൻപ് ഏകദേശം 20 മിനിറ്റോളം നേരം വിമാനം ആകാശത്തിലായിരുന്നു. യാത്രക്കാരുടെ ജീവൻ വെച്ചുള്ള കളിക്കെതിരെ വിമാനകമ്പനിക്കും ഡിജിസിഎയ്ക്കും കേന്ദ്ര വ്യോമയാന മന്ത്രിക്കും പരാതി നൽകിയതായും അദ്ദേഹം അറിയിച്ചു. ലാൻഡ് ചെയ്യുന്നതിന് എയർ ട്രാഫിക് കൺട്രോളിൽ നിന്ന് ക്ലിയറൻസ് ലഭിക്കാതിരുന്നതിനെ തുടർന്നാണ് വിമാനം വീണ്ടും പറന്നുയർന്നത് എന്നാണ് വിവരം.