ന്യൂഡൽഹി: തിരിച്ചറിയൽ രേഖയില്ലാതെ 2000 രൂപ നോട്ട് ബാങ്കുകളിൽ നിന്ന് മാറ്റിയെടുക്കാമെന്ന ഉത്തരവ് ബിജെപി നേതാവും അഭിഭാഷകനുമായ അശ്വിനി കുമാർ ഉപാധ്യായ സമർപ്പിച്ച പൊതുതാൽപര്യ ഹർജി ഡൽഹി ഹൈക്കോടതി തള്ളി.

ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ, ജസ്റ്റിസ് സുബ്രമണ്യം പ്രസാദ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്. ഒരു രേഖകളുമില്ലാതെ 2000 രൂപയുടെ നോട്ടുകൾ മാറ്റി നൽകാമെന്ന തീരുമാനം ശരിയല്ലെന്നും അത് റദ്ദാക്കണമെന്നുമായിരുന്നു ഹർജിക്കാരന്റെ ആവശ്യം.

എല്ലാ ഇന്ത്യക്കാർക്കും ആധാർ നമ്പറും ബാങ്ക് അക്കൗണ്ടും ഉണ്ടായിരിക്കെ, 2000 രൂപയുടെ നോട്ട് മാറ്റാൻ ഒരു രേഖയും ആവശ്യമില്ലെന്ന നിലപാട് തെറ്റാണെന്നായിരുന്നു ഹർജിക്കാരന്റെ വാദം. വൻ തോതിൽ പണം വ്യക്തികളുടെ ലോക്കറിലോ അല്ലെങ്കിൽ വിഘടനവാദികളുടെയും തീവ്രവാദികളുടെയും മാവോവാദികളുടെയും മയക്കുമരുന്ന് കടത്തുകാരുടെയും മാഫിയകളുടെയും കൈയിലോ ഉണ്ടാകുമെന്നും ഹർജിയിൽ പറഞ്ഞു.

എന്നാൽ, ഹർജിയെ റിസർവ് ബാങ്ക് ശക്തമായി എതിർത്തു. ഇത് നോട്ട് നിരോധനമല്ലെന്നും നിയമപരമായുള്ള ഒരു നടപടിക്രമം മാത്രമാണെന്നും ആർ.ബി.ഐ വാദിച്ചു. ഹർജിയിൽ പറയുന്ന കാര്യം പൊതുതാൽപര്യമല്ലെന്നും അതിനാൽ ഹർജി തള്ളണമെന്നുമുള്ള ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.