അജ്മേർ: പ്രായപൂർത്തിയാകാത്ത മകളെ രണ്ടുപേർ പീഡിപ്പിച്ചെന്ന വ്യാജ പരാതി നൽകിയ സംഭവത്തിൽ യുവതിക്ക് ആറുമാസം തടവ് ശിക്ഷ വിധിച്ച് പോക്‌സോ കോടതി. അജ്മേറിലെ പ്രത്യേക പോക്സോ കോടതിയാണ് യുവതിക്ക് ആറുമാസം തടവും പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചത്.

ഇത്തരം വ്യാജ പീഡനക്കേസുകൾ കാരണം യഥാർഥ സംഭവങ്ങളെപ്പോലും സംശയത്തോടെയാണ് ആളുകൾ നോക്കിക്കാണുന്നതെന്നും കോടതി നിരീക്ഷിച്ചു. യുവതിയുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത പോക്സോ കേസിലെ നടപടികൾ 2022 മാർച്ചിൽ പൊലീസ അവസാനിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വ്യാജപരാതി നൽകിയതിന് പോക്സോ നിയമപ്രകാരം യുവതിക്കെതിരേ കേസെടുത്തത്.

2021-ലാണ് സംഭവങ്ങളുടെ തുടക്കം. മുത്തശ്ശിക്കൊപ്പം കാലികളെ മെയ്‌ക്കാൻപോയ മകളെ രണ്ടുപേർ ചേർന്ന് പീഡിപ്പിച്ചെന്നായിരുന്നു യുവതി 2021 ജൂലായ് 11-ന് നൽകിയ പരാതി. പ്രതികളായ രണ്ടുപേർ മകളെ വലിച്ചിഴച്ച് കൊണ്ടുപോയി ഒരുമരത്തിന് സമീപത്തുവെച്ച് ബലാത്സംഗം ചെയ്തെന്നായിരുന്നു പരാതിയിൽ പറഞ്ഞിരുന്നത്. സംഭവം കണ്ടെത്തിയ മുത്തശ്ശി പ്രതികളെ പിടികൂടാൻ ശ്രമിച്ചെങ്കിലും ഇവർ ഓടിരക്ഷപ്പെട്ടെന്നും പ്രതികളിലൊരാളുടെ ടീഷർട്ട് മാത്രമാണ് കിട്ടിയതെന്നും പരാതിയിലുണ്ടായിരുന്നു.

മകളെ പീഡിപ്പിച്ചെന്ന് ആരോപിച്ച് യുവതി പരാതി നൽകിയതോടെ പോക്സോ നിയമപ്രകാരം പ്രതികളായ രണ്ടുപേർക്കെതിരേയും പൊലീസ് കേസെടുത്തു. തുടർന്ന് പീഡനത്തിനിരയായെന്ന് ആരോപിച്ചിരുന്ന പെൺകുട്ടിയിൽനിന്ന് മൊഴി രേഖപ്പെടുത്തിയതോടെയാണ് കേസിൽ വഴിത്തിരിവുണ്ടായത്. തന്നെ ആരും ഉപദ്രവിച്ചിട്ടില്ലെന്നും തന്റെ അച്ഛനെതിരേ കേസ് കൊടുത്തതിനാണ് രണ്ടുപേർക്കെതിരേ അമ്മ പീഡനപരാതി നൽകിയതെന്നുമായിരുന്നു പെൺകുട്ടിയുടെ വെളിപ്പെടുത്തൽ.

തന്റെ അച്ഛനെതിരേ മോഷണക്കുറ്റം ആരോപിച്ചാണ് ഇവർ കേസ് കൊടുത്തിരുന്നത്. ഇതിന്റെ പ്രതികാരമായാണ് തന്നെ പീഡിപ്പിച്ചെന്ന് കാട്ടി അമ്മ പൊലീസിനെ സമീപിച്ചതെന്നും പെൺകുട്ടി പറഞ്ഞിരുന്നു. മജിസ്ട്രേറ്റിന് മുന്നിലും പെൺകുട്ടി ഇതേ മൊഴി ആവർത്തിച്ചു. തുടർന്ന് പെൺകുട്ടിയുടെ അമ്മയ്ക്ക് നോട്ടീസ് അയച്ചു. ഇതോടെയാണ് പീഡനം നടന്നിട്ടില്ലെന്നും പരാതി വ്യാജമാണെന്നും യുവതി സമ്മതിച്ചത്.