ചെന്നൈ: ലോകകപ്പിൽ ഇന്ത്യ - പാക്കിസ്ഥാൻ മത്സരത്തിനിടെ പാക് താരം ഔട്ടായപ്പോൾ ജയ് ശ്രീറാം മുദ്രാവാക്യം വിളിച്ചത് അംഗീകരിക്കാനാവില്ലെന്നു പറഞ്ഞ ഡിഎംകെ നേതാവും മന്ത്രിയുമായ ഉദയനിധി സ്റ്റാലിനെതിരെ ബിജെപി. ഉദയനിധി സ്റ്റാലിൻ വിഷം പരത്തുന്ന കൊതുകാണെന്നു ബിജെപി വക്താവ് ഗൗരവ് ഭാട്ടിയ ആരോപിച്ചു.

കഴിഞ്ഞ ദിവസം അഹമ്മദാബാദിൽ നടന്ന ഇന്ത്യ - പാക്കിസ്ഥാൻ ക്രിക്കറ്റ് ലോകകപ്പ് മത്സരത്തിനിടെ പാക്ക് താരം മുഹമ്മദ് റിസ്വാൻ ഔട്ടായി മടങ്ങുമ്പോൾ ഇന്ത്യൻ ആരാധകർ തുടർച്ചയായി ജയ് ശ്രീറാം വിളിക്കുന്നതിന്റെ വിഡിയോ പുറത്തുവന്നിരുന്നു. ഈ വിഡിയോ സമൂഹമാധ്യമത്തിൽ പങ്കുവച്ചായിരുന്നു ഉദയനിധിയുടെ വിമർശനം.

''ആതിഥ്യ മര്യാദയ്ക്കും കായിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനും പേരു കേട്ട രാജ്യമാണ് ഇന്ത്യ. എന്നാൽ, അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ പാക്ക് താരങ്ങൾക്കെതിരെ ഉണ്ടായ പെരുമാറ്റം അംഗീകരിക്കാനാവാത്തതും നിലവാരമില്ലാത്തതുമാണ്'' ഉദയനിധി പറഞ്ഞു. ഇതിനെതിരെയാണു ബിജെപി രംഗത്തെത്തിയത്.

''വെറുപ്പുളവാക്കുന്ന ഡെങ്കി, മലേറിയ കൊതുക് വീണ്ടും വിഷം പരത്താൻ ഒരുങ്ങുകയാണ്. നമസ്‌കാരത്തിനായി മത്സരം നിർത്തിയാൽ നിങ്ങൾക്ക് പ്രശ്നമില്ല. ശ്രീരാമൻ പ്രപഞ്ചത്തിന്റെ എല്ലാ കോണുകളിലും വസിക്കുന്നു, അതിനാൽ ജയ് ശ്രീറാം എന്ന് പറയൂ'' ഉദയനിധിയുടെ കുറിപ്പിന്റെ സ്‌ക്രീൻഷോട്ട് പങ്കുവച്ച് ഹിന്ദിയിൽ ഗൗരവ് ഭാട്ടിയ കുറിച്ചു. പാക്ക് ക്രിക്കറ്റ് താരങ്ങളോട് ഇന്ത്യ എപ്പോഴും മാന്യമായാണു പെരുമാറിയിട്ടുള്ളതെന്നും അഹമ്മദാബാദിലേത് ഒറ്റപ്പെട്ട സംഭവമാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈ പറഞ്ഞു.