മുംബൈ: മലിനീകരണ തോത് ഉയർത്തുമെന്നതിനാൽ മുംബൈയിലും ഡൽഹിയിലും നടക്കുന്ന ലോകകപ്പ് മത്സരങ്ങളിൽ കരിമരുന്ന് പ്രയോഗം ഉണ്ടാകില്ലെന്ന് ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് (ബി.സി.സിഐ.). മുംബൈയിലെ മോശമാകുന്ന വായുഗുണനിലവാരം ബോംബെ ഹൈക്കോടതിയുടെ ശ്രദ്ധയിൽപ്പെടുകയും, സ്വമേധയാ നടപടികൾ ആരംഭിക്കുകയും ചെയ്ത അതേ ദിവസമാണ് ബിസിസിഐയുടെ പ്രഖ്യാപനം.

പാരിസ്ഥിതിക പ്രശ്നങ്ങളോട് പോരാടാൻ ബോർഡ് പ്രതിബദ്ധരാണെന്ന് ബി.സി.സിഐ. സെക്രട്ടറി ജയ് ഷാ പറഞ്ഞു. 'മുംബൈയിലും ഡൽഹിയിലും വായുവിന്റെ ഗുണനിലവാരം സംബന്ധിച്ചുള്ള ആശങ്കകൾ ബി.സി.സിഐ. മനസ്സിലാക്കുന്നു. അതുകൊണ്ട് തന്നെ മുംബൈയിലും ഡൽഹിയിലും നടക്കുന്ന മത്സരങ്ങളിൽ കരിമരുന്ന് പ്രയോഗം ഉണ്ടാകില്ല. ക്രിക്കറ്റിന്റെ ആഘോഷമെന്ന നിലയിൽ ലോകകപ്പ് നടത്തും. തങ്ങളുടെ ആരാധകരുടെയുംപങ്കാളികളുടെയും താത്പര്യങ്ങൾക്കാണ് എപ്പോഴും മുൻഗണന നൽകുക. അവരുടെ സുരക്ഷ ഉറപ്പാക്കും' - അദ്ദേഹം വ്യക്തമാക്കി.

കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ കണക്ക് അനുസരിച്ച് ചൊവ്വാഴ്ച മുംബൈയിലെ വായു ഗുണനിലവാര സൂചിക 172 ആണ്. വ്യാഴാഴ്ച മുംബൈ വാങ്കെഡെ സ്റ്റേഡിയത്തിൽ വെച്ച് ഇന്ത്യ ശ്രീലങ്കയെ നേരിടും. തിങ്കളാഴ്ച ഡൽഹി ഫിറോസ് ഷാ കോട്ട്ലയിൽ വച്ചാണ് ശ്രീലങ്ക - ബംഗ്ലാദേശ് മത്സരം.