ന്യൂഡൽഹി: വായുമലിനീകരണം അതീവ ഗുരുതരമായി തുടരുന്ന സാഹചര്യത്തിൽ ഡൽഹിയിൽ പ്രൈമറി സ്‌കൂളുകൾക്കുള്ള അവധി നീട്ടി. അടുത്ത വെള്ളിയാഴ്ച വരെ അവധിയായിരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി അതിഷി അറിയിച്ചു. ആറുമുതൽ 12 വരെ ഓൺലൈൻ ക്ലാസുകൾ പരിഗണിക്കണമെന്നും മന്ത്രി നിർദേശിച്ചിട്ടുണ്ട്.

വായുനിലവാരം തുടർച്ചയായ മൂന്നാം ദിവസവും അഞ്ഞൂറിനടുത്താണ്. 300ന് മുകളിൽ അതീവ ഗുരുതരമാണെന്നിരിക്കേ 460 ആണ് ഡൽഹിയിൽ ഇന്ന് രാവിലെ രേഖപ്പെടുത്തിയ ശരാശരി വായുഗുണനിലവാര സൂചിക. അന്തരീക്ഷ മലിനീകരണം മൂലം ശ്വാസ തടസ്സത്തെ തുടർന്ന് ചികിൽസ തേടുന്നവരുടെ എണ്ണം വർധിച്ചു.

മാസ്‌കും കണ്ണടയും ധരിക്കാതെ പുറത്തിറങ്ങുന്നത് സാധ്യമല്ലാത്ത അവസ്ഥയാണ്. മാസ്‌ക് ഇല്ലാതെ പുറത്തിറങ്ങുന്നവർക്ക് തൊണ്ടയെരിച്ചിലും തൊണ്ടയടപ്പും അനുഭവപ്പെടുന്നു. കണ്ണിനും വലിയ അസ്വസ്ഥതകൾ അനുഭവപ്പെടുന്നുണ്ട്. മലിനീകരണം തടയാൻ കർശന നടപടികൾ സ്വീകരിക്കണമെന്ന് ഡൽഹി പരിസ്ഥിതി മന്ത്രി ?ഗോപാൽ റായ് കേന്ദ്രസർക്കാരിനോട് അഭ്യർത്ഥിച്ചു.

ദീപാവലി കണക്കിലെടുത്ത് ഡൽഹി സർക്കാർ നിയന്ത്രണം കർശനമാക്കിയിട്ടുണ്ട്. ഡൽഹിക്ക് പുറമേ മുംബൈയിലും കൊൽക്കത്തയിലും വായു മലിനീകരണം രൂക്ഷമാണ്. വായു നിലവാര സൂചിക അനുസരിച്ച് ലോകത്തിൽ ഏറ്റവും കൂടുതൽ വായു മലിനീകരണം നേരിടുന്ന മൂന്ന് നഗരങ്ങളായി മാറിയിരിക്കുകയാണ് ഡൽ?ഹി, മുംബൈ, കൊൽക്കത്ത എന്നിവ. പാഴ് വസ്തുക്കൾ കൂട്ടിയിട്ട് കത്തിക്കരുതെന്ന് ഡൽഹി പരിസ്ഥിതി മന്ത്രി ജനങ്ങളോട് ആവശ്യപ്പെട്ടു.