മംഗളൂരു: ദക്ഷിണ കന്നട ജില്ലയിൽ പുത്തൂരിലെ പുലിവേഷ നൃത്തസംഘത്തിന്റെ തലവനെ അർധരാത്രി വിളിച്ചു വരുത്തി വെട്ടിക്കൊന്നു.'ടൈഗേർസ് കല്ലെഗ'ടീം ലീഡർ അക്ഷയ് കല്ലെഗയാണ്(32) തിങ്കളാഴ്ച അർധരാത്രി കൊല്ലപ്പെട്ടത്. അക്രമികളിൽ നിന്ന് കുതറി ഓടിയ യുവാവിനെ പിന്തുടർന്ന് വളഞ്ഞിട്ട് അക്രമിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.

പുത്തൂർ ടൗൺ പരിസരത്ത് ആറ് വർഷമായി മികച്ച നിലയിൽ പ്രവർത്തിക്കുന്ന പുലിക്കളി സംഘമാണ് വിവേകാനന്ദ കോളജ് പരിസരത്ത് താമസക്കാരനായ അക്ഷയ് നയിക്കുന്ന ടൈഗേഴ്‌സ്.ഈയിടെയായി വളരെ പ്രചാരം നേടിയ സംഘത്തിന്റെ നൃത്തം നിരവധി സമ്മാനങ്ങൾ നേടിയിരുന്നു.

നെഹ്‌റു നഗറിലേക്ക് വിളിച്ചു വരുത്തി വാൾ കൊണ്ട് വെട്ടുകയായിരുന്നു.നെഹ്‌റു നഗർ-വിവേകാനന്ദ കോളജ് റോഡിലൂടെ ഓടിയ അക്ഷയ് മാണി-മൈസൂറു ദേശീയ പാതയിൽ എത്തി രക്ഷിക്കാൻ ആർത്തു വിളിച്ചെങ്കിലും പിന്തുടർന്ന അക്രമികൾ വളഞ്ഞിട്ട് വെട്ടി.പാതയോരത്തെ പുല്ലിലാണ് മൃതദേഹം കിടന്നത്.പാതയുടെ ഇപ്പുറം മുതൽ അപ്പുറം വരെ ചോരപ്പാടുകൾ കാണാനായി.മൂന്ന് പേരാണ് അക്രമി സംഘത്തിൽ ഉണ്ടായിരുന്നത്.ഇവരിൽ മനീഷ്,ചേതൻ എന്നിവർ പൊലീസിൽ കീഴടങ്ങിയിട്ടുണ്ട്'

തിങ്കളാഴ്ച വൈകുന്നേരം വാഹനങ്ങൾ കൂട്ടിമുട്ടിയതുമായി ബന്ധപ്പെട്ട പ്രശ്‌നം സംസാരിക്കാൻ വിളിച്ചു വരുത്തിയാണ് അക്ഷയിനെ കൊന്നതെന്ന് സുഹൃത്ത് വിക്യത് പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു. ചേതൻ, മനീഷ്, മഞ്ജു, കേശവ എന്നിവരുടെ പേരുകൾ പരാതിയിലുണ്ട്.