ലക്‌നൗ: ഹലാൽ ടാഗ് പതിച്ച ഉൽപന്നങ്ങളുടെ വിൽപന നിരോധിച്ച് യുപി സർക്കാർ. നിരോധനം ഉടനടി പ്രാബല്യത്തിലായതായി ഉത്തരവിൽ പറയുന്നു. ഉത്തർപ്രദേശ് ഭക്ഷ്യ സുരക്ഷാ, ഡ്രഗ് അഡ്‌മിനിസ്‌ട്രേഷൻ കമ്മീഷണർ അനിതാ സിങ് ആണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്.

ഭക്ഷ്യ ഉൽപന്നങ്ങൾക്ക് പുറമേ, ഹലാൽ മുദ്രണം ചെയ്ത മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ, സൗന്ദര്യവർധക ഉൽപ്പന്നങ്ങൾ എന്നിവയ്ക്കും പ്രത്യേക യുപി സർക്കാർ ഉത്തരവ് പ്രകാരം നിരോധനം ബാധകമാകും.

നിയമം ലംഘിക്കുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും എതിരെ ഡ്രഗ്‌സ് ആൻഡ് കോസ്മറ്റിക്‌സ് ആക്ട് 1940 അനുസരിച്ച് നടപടി സ്വീകരിക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. ഹലാൽ സർട്ടിഫിക്കറ്റ് നൽകിയതിന് ലക്‌നൗവിൽ ബിജെപി പ്രവർത്തകന്റെ പരാതിയിൽ ഒരു കമ്പനിക്കും മൂന്ന് സംഘടനകൾക്കുമെതിരെ കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഹലാൽ നിരോധനമേർപ്പെടുത്തിയത്.