നോയിഡ: യാത്രയ്ക്കിടെ കാറിന് തീപിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. നോയിഡയിലെ സെക്ടർ 119ൽ ശനിയാഴ്ച പുലർച്ചെയായിരുന്നു അപകടം. ഒരു സുഹൃത്തിന്റെ ജന്മദിനാഘോഷത്തിൽ പങ്കെടുത്ത ശേഷം മടങ്ങിവരികയായിരുന്ന യുവാക്കളാണ് മരിച്ചത്. തീപിടിച്ചപ്പോൾ കാറിൽ നിന്ന് പുറത്തിറങ്ങാനാവാതെ ഇവർ കുടുങ്ങിപ്പോവുകയായിരുന്നു.

കാറിലെ എ.സിയിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമായതെന്ന് സംശയിക്കുന്നതായി ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ പറഞ്ഞു. കാറിന്റെ ഡോറുകൾ ലോക്കായി പോവുകയും ചെയ്തു. രാവിലെ 6.25ഓടെ കാറിന് തീപിടിച്ച സ്ഥലത്തിന് തൊട്ടടുത്തുള്ള ഹൗസിങ് സൊസൈറ്റിയിലെ സെക്യൂരിറ്റി ഗാർഡാണ് ഫയർ ഫോഴ്‌സിനെ വിളിച്ചത്.

വെള്ള നിറത്തിലുള്ള സ്വിഫ്റ്റ് കാറിന് തീപിടിച്ചു എന്നായിരുന്നു അദ്ദേഹം നൽകിയ വിവരം. ഫയർ ഫോഴ്‌സ് സംഘം ഉടൻ തന്നെ സ്ഥലത്തെത്തി. തീ നിയന്ത്രണ വിധേയമാക്കിയ ശേഷമാണ് അകത്ത് കത്തിക്കരിഞ്ഞ നിലയിൽ രണ്ട് മൃതദേഹങ്ങൾ കണ്ടത്. സെക്ടർ 53ൽ താമസിക്കുന്ന വിജയ് (27), അനസ് (27) എന്നിവരാണ് മരിച്ചതെന്ന് പിന്നീട് സ്ഥിരീകരിച്ചു. ഇരുവരും ബാല്യകാല സുഹൃത്തുക്കളാണ്.

കാറോടിച്ചിരുന്ന വിജയ് സ്വകാര്യ കമ്പനിയിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറാണ്. അനസ് ഒരു ഫർണിച്ചർ ഷോപ്പ് നടത്തിവരികയായിരുന്നു. ഒരു ഹൗസിങ് സൊസൈറ്റിയുടെ ഗേറ്റിന് സമീപം രാവിലെ 6.08ന് കാർ നിർത്തുന്നത് സിസിടിവി ക്യാമറയിൽ കാണാം. ഏതാനും മിനിറ്റുകൾ അങ്ങനെ നിന്ന ശേഷം കാറിന് പെട്ടെന്ന് തീപിടിക്കുന്നു. തണുപ്പ് കാലം കൂടി ആയതിനാൽ പുലർച്ചെ റോഡിൽ ആരും ഉണ്ടായിരുന്നില്ല.

മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. വെള്ളിയാഴ്ച രാത്രി ഒരു സുഹൃത്തിന്റെ ജന്മദിന പാർട്ടിയിൽ പങ്കെടുക്കാൻ പോകുന്നുവെന്ന് പറഞ്ഞാണ് വിജയ് കാറുമായി വീട്ടിൽ നിന്ന് ഇറങ്ങിയത്. വഴിയിൽ നിന്ന് അനസിനെയും കൂട്ടി. പുലർച്ചെ മടങ്ങുന്നതിനിടെ വഴിയിൽ കാർ നിർത്തുകയും തുടർന്ന് തീപിടിക്കുകയുമായിരുന്നു. ഇരുവരും കാർ നിർത്തിയത് എന്തിനെന്ന് വ്യക്തമല്ല.