ന്യുഡൽഹി: ഭരണഘടന ദിനത്തിൽ സുപ്രീം കോടതി വളപ്പിൽ അംബേദ്കറുടെ പ്രതിമ അനാച്ഛാദനം ചെയ്ത് രാഷ്ട്രപതി ദ്രൗപതി മുർമു. ഏഴ് അടിയിലധികം ഉയരമുള്ള പ്രതിമയാണ് സ്ഥാപിച്ചത്. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡും കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്വാളും പ്രതിമയിൽ പുഷ്പങ്ങൾ അർപ്പിച്ചു. സുപ്രിം കോടതിയിലെ നിരവധി ജഡ്ജിമാരും ചടങ്ങിൽ പങ്കെടുത്തു.

അഭിഭാഷക വേഷത്തിൽ ഭരണഘടനയുടെ പകർപ്പ് കൈയിൽ പിടിച്ചിരിക്കുന്ന തരത്തിലാണ് അംബേദ്കറുടെ പ്രതിമ നിർമ്മിച്ചിരിക്കുന്നത്. അംബേദ്കർ ആശയങ്ങൾ പിന്തുടരുന്ന ഒരുകൂട്ടം അഭിഭാഷകരുടെ നിരന്തര അഭ്യർത്ഥനയെ തുടർന്നാണ് സുപ്രീം കോടതി വളപ്പിൽ പ്രതിമ സ്ഥാപിക്കാനുള്ള തീരുമാനമുണ്ടായത്. കഴിഞ്ഞ വർഷം ഡിസംബറിർ പ്രതിമ സ്ഥാപിക്കണമെന്ന അവശ്യമുയർത്തി ഇവർ ചീഫ് ജസ്റ്റിസിന് കത്ത് നൽകിയിരുന്നു.

1949-ൽ ഭരണഘടനാ അസംബ്ലി ഇന്ത്യൻ ഭരണഘടന അംഗീകരിച്ചതിന്റെ സ്മരണക്കായി 2015 മുതൽ നവംബർ 26 ഭരണഘടനാ ദിനമായി ആചരിക്കുന്നു. നേരത്തെ ഈ ദിനം നിയമ ദിനമായി ആചരിച്ചിരുന്നു.