ഹൈദരാബാദ്: വോട്ടെണ്ണലിനിടെ സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ രേവന്ത് റെഡ്ഡിയെ സന്ദർശിച്ച തെലങ്കാന ഡി.ജി.പിക്ക് സസ്‌പെൻഷൻ. മാതൃക പൊരുമാറ്റ ചട്ടം ലംഘിച്ചതിന് തെരഞ്ഞെടുപ്പ് കമീഷനാണ് ഡി.ജി.പി അഞ്ജനി കുമാറിനെ സസ്‌പെൻഡ് ചെയ്തത്.

തെലങ്കാനയിൽ കോൺഗ്രസ് വിജയം ഉറപ്പിച്ചതിന് ശേഷമാണ് ഡി.ജി.പി രേവന്ത് റെഡ്ഡിയെ സന്ദർശിച്ചത്. ഡി.ജി.പിയും രണ്ട് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും ചേർന്ന് സംസ്ഥാന കോൺഗ്രസ് അധ്യക്ഷനും സ്ഥാനാർത്ഥിയുമായ രേവന്ത് റെഡ്ഡിയെ അദ്ദേഹത്തിന്റെ ഹൈദരാബാദിലെ വസിതിയിൽചെന്ന് കണ്ട് പൂച്ചെണ്ട് നൽകിയതിനെ തുടർന്നാണ് നടപടി.

സംഭവത്തിൽ അഞ്ജനി കുമാറിനോടും മറ്റ് രണ്ട് പൊലീസ് ഉദ്യോഗസ്ഥരോടും കമീഷൻ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. രേവന്ത് റെഡ്ഡിയെ കാണാൻ ഡി.ജി.പി തീരുമാനിച്ചത് പ്രീതി നേടാനാണെന്ന ആരോപണമുണ്ട്. അഞ്ജനി കുമാറിനെ സസ്‌പെൻഡ് ചെയ്തതിന് പിന്നാലെ തെലങ്കാന സർക്കാർ രവി ഗുപ്തയെ തെലങ്കാന ഡി.ജി.പിയായി നിയമിച്ചു.