ന്യൂഡൽഹി: ലോകത്തിലെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയിൽ ഇന്ത്യയിൽ നിന്നുള്ള ഒരു സ്ഥാപനം പോലുമില്ലെന്നത് ഗൗരവതരമെന്ന് രാഷ്ട്രപതി ദൗപ്രദി മുർമു. ഐ.ഐ.ടി. ഖരഗ്പുരിലെ 69-ാമത് ബിരുദദാന ചടങ്ങിൽ പങ്കെടുക്കുമ്പോഴായിരുന്നു രാഷ്ട്രപതിയുടെ പ്രതികരണം.

ലോകത്തിലെ തന്നെ ഏറ്റവും പഴക്കമേറിയ വൈജ്ഞാനികപാരമ്പര്യമുള്ള രാജ്യമെന്ന നിലയിൽ ലോകത്തിലെ 50 മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയിൽ ഒന്നു പോലും ഇന്ത്യയിലല്ലാത്തത് ഗൗരവതരമാണെന്ന് രാഷ്ട്രപതി അഭിപ്രായപ്പെട്ടു.

മികച്ച റാങ്കിങ്ങുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ലോകമെമ്പാടുമുള്ള വിദ്യാർത്ഥികളെ ഇന്ത്യയിലേക്കാകർഷിക്കുമെന്നും ലോകരാഷ്ട്രങ്ങൾക്കു മുന്നിൽ ഇന്ത്യയുടെ ഖ്യാതി വർദ്ധിപ്പിക്കുമെന്നും രാഷ്ട്രപതി പറഞ്ഞു.

ഏറ്റവും പഴക്കമേറിയ വൈജ്ഞാനികപാരമ്പര്യമുള്ള ഇന്ത്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്ന് പോലും ലോകത്തിലെ മികച്ച 50 വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയിലില്ല. റാങ്കിങ്ങിനേക്കാൾ പ്രാധാന്യം മികച്ച വിദ്യാഭ്യാസം നൽകുകയെന്നത് തന്നെയാണ്. എന്നാൽ മികച്ച റാങ്കിങ്ങുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ലോകമെമ്പാടുമുള്ള വിദ്യാർത്ഥികളെ ഇന്ത്യയിലേക്ക് ആകർഷിക്കുക മാത്രമല്ല, ലോകത്തിനു മുന്നിൽ ഇന്ത്യയുടെ ഖ്യാതി വർധിപ്പിക്കുക കൂടിയാണ് ചെയ്യുക.- രാഷ്ട്രപതി വ്യക്തമാക്കി.