മുംബൈ: എൻസിപിയുടെ തലപ്പത്തുനിന്ന് ഒഴിയാൻ വിസമ്മതിച്ച് നേതൃത്വത്തിൽ തുടരുന്ന എൻസിപി അധ്യക്ഷനും അമ്മാവനുമായ ശരദ് പവാറിനെതിരെ പരോക്ഷ വിമർശനവുമായി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ. 'ചില ആളുകൾ ഒരു നിശ്ചിത പ്രായമെത്തിയിട്ടും വിരമിക്കുന്നില്ല' എന്ന് ശരദ് പവാറിന്റെ പേരു പരാമർശിക്കാതെ അജിത് പവാർ പറഞ്ഞു.

''ഒരു നിശ്ചിത പ്രായമെത്തിയ ശേഷം ആളുകൾ വിരമിക്കണം. വർഷങ്ങളായി ഈ രീതി തുടരുന്നു. എന്നാൽ കേൾക്കാൻ തയാറല്ലാത്ത ചിലരുണ്ട്. അവർ അവരുടെ അഭിപ്രായങ്ങളിൽ ഉറച്ചുനിൽക്കും. ചില ആളുകൾ 60 വയസ്സിനു ശേഷം വിരമിക്കുന്നു. ചിലർ 65 വയസ്സിൽ, ചിലർ 70 വയസ്സിൽ, ചിലർ 80 വയസ്സിൽ. എന്നാൽ 80 വയസ് കഴിഞ്ഞിട്ടും ഈ വ്യക്തി വിരമിക്കാൻ തയാറല്ല. നമ്മൾ ഇവിടെ പ്രവർത്തിക്കാനാണ് വന്നിരിക്കുന്നത്. എവിടെയെങ്കിലും തെറ്റുണ്ടെങ്കിൽ പറയണം. നമ്മുക്ക് വളരെയധികം കഴിവുണ്ട്. ഞാൻ സംസ്ഥാനത്തിന്റെ ഉപമുഖ്യമന്ത്രിയായി നിരവധി തവണ പ്രവർത്തിച്ചിട്ടുണ്ട്. നിരവധി പദ്ധതികൾ വിജയിപ്പിച്ചിട്ടുണ്ട്'' അജിത് പവാർ പറഞ്ഞു.

കഴിഞ്ഞ വർഷം മേയിൽ, പാർട്ടിയിലെ ഒരു വിഭാഗവുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെത്തുടർന്ന് വിരമിക്കുന്നതായി അപ്രതീക്ഷിത പ്രഖ്യാപനം നടത്തിയ ശരദ് പവാർ, പിന്നീട് തീരുമാനം മാറ്റിയിരുന്നു. 'പുതിയ തലമുറ പാർട്ടിയെ നയിക്കേണ്ട സമയമാണിത്' എന്നു പറഞ്ഞാണ് വിരമിക്കുന്നതായി ശരദ് പവാർ പ്രഖ്യാപിച്ചത്. എന്നാൽ, പ്രവർത്തകരുടെ പ്രതിഷേധത്തെ തുടർന്ന് പ്രഖ്യാപനം പിൻവലിക്കുകയായിരുന്നു.

ഇതുകഴിഞ്ഞ് രണ്ടു മാസത്തിനു ശേഷം ജൂലൈയിൽ, അജിത് പവാറും അദ്ദേഹത്തിന്റെ വിശ്വസ്തരായ എംഎൽഎമാരും മഹാരാഷ്ട്രയിലെ ബിജെപി-ഷിൻഡെ സഖ്യ സർക്കാരിൽ ചേർന്നു. പിന്നാലെ, എൻസിപിയുടെ പേരിനും തിരഞ്ഞെടുപ്പ് ചിഹ്നത്തിനും അജിത് പവാർ അവകാശവാദമുന്നയിച്ചു. ഈ നീക്കത്തെ ശരദ് പവാർ പക്ഷം തിരഞ്ഞെടുപ്പ് കമ്മിഷനിൽ ചോദ്യം ചെയ്തിരുന്നു.