പട്‌ന: ബിഹാറിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കവുമായി ആർജെഡി. സംസ്ഥാനത്തെ പ്രചാരണത്തിനു തുടക്കമിട്ട് തേജസ്വി യാദവിന്റെ 'ജനവിശ്വാസ യാത്ര' ചൊവ്വാഴ്ച മുസഫർപുരിൽ നിന്നാരംഭിക്കും. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ രാഷ്ട്രീയ വഞ്ചന തുറന്നു കാട്ടാനും 17 മാസത്തെ മഹാസഖ്യ സർക്കാരിന്റെ നേട്ടങ്ങൾ ജനങ്ങൾക്കു മുൻപിൽ അവതരിപ്പിക്കാനും ലക്ഷ്യമിട്ടാണ് ഒൻപതു ദിവസം നീളുന്ന പ്രചാരണ യാത്ര സംഘടിപ്പിക്കുന്നതെന്നു പാർട്ടി അറിയിച്ചു.

ബിഹാറിൽ ജാതി സെൻസസ് നടത്തിയതും സർക്കാർ ഉദ്യോഗങ്ങളിലെ ഒഴിവുകൾ വൻതോതിൽ നികത്തിയതും സർക്കാർ സ്‌കൂളിലെ താൽകാലിക അദ്ധ്യാപകരെ സ്ഥിരപ്പെടുത്തിയതും മഹാസഖ്യ ഭരണ നേട്ടങ്ങളാണെന്നു തേജസ്വി അവകാശപ്പെടുന്നു. യാത്രയ്ക്കിടെ വിവിധ ജില്ലകളിൽ ആർജെഡി റാലികളുമുണ്ടാകും.

തേജസ്വി യാദവ് 'കൊള്ളയടി യാത്ര'യാണു നടത്തേണ്ടതെന്നു ബിജെപിയുടെ ഉപമുഖ്യമന്ത്രി സമ്രാട്ട് ചൗധരി പ്രതികരിച്ചു. സ്വന്തം കുടുംബത്തിന്റെ അഴിമതി തുറന്നു സമ്മതിക്കാൻ തേജസ്വി തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.