മുംബൈ: ലോക്സഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കേ മഹാരാഷ്ട്രയിൽ കോൺഗ്രസിന് കനത്ത തിരിച്ചടിയായി നേതാക്കളുടെ കൊഴിഞ്ഞുപോക്ക്. മുൻ മന്ത്രിയും കോൺഗ്രസ് സംസ്ഥാന വർക്കിങ് പ്രസിഡന്റുമായ ബസവരാജ് പാട്ടീൽ പാർട്ടിയിൽനിന്ന് രാജിവെച്ചു. മുൻ മന്ത്രി അശോക് ചവാൻ കോൺഗ്രസിൽനിന്ന് രാജിവെച്ചതിനു പിന്നാലെയാണ് ബസവരാജ് പാട്ടീലും പാർട്ടി വിട്ടത്. മറാത്ത്വാഡ മേഖലയിലെ കോൺഗ്രസിന്റെ പ്രധാന നേതാവാണ് ബസവരാജ് പാട്ടീൽ.

ബസവരാജ് കോൺഗ്രസ് വിടുന്നതുകൊണ്ട് പാർട്ടിക്ക് ഒന്നും സംഭവിക്കില്ലെന്ന് കോൺഗ്രസ് നേതാവ് അഭയ് സലൂംഗെ പറഞ്ഞു. 2019-ൽ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിനു ശേഷം ജനങ്ങളുമായി കാര്യമായ ബന്ധമില്ലാത്ത നേതാവാണ് ബസവരാജ് എന്നും അദ്ദേഹം ആരോപിച്ചു.

അടുത്തിടെ മഹാരാഷ്ട്ര കോൺഗ്രസിൽനിന്ന് അശോക് ചവാൻ, മിലിന്ദ് ദേവ്റ, ബാബ സിദ്ദിഖി തുടങ്ങിയ നേതാക്കളും പാർട്ടിവിട്ടിരുന്നു. അശോക് ചവാൻ ബിജെപിയിൽ ചേക്കേറിയപ്പോൾ ഏകനാഥ് ഷിന്ദേയുടെ നേതൃത്വത്തിലുള്ള ശിവസേനയിൽ മിലിന്ദ് ദേവ്റ ചേർന്നു. രണ്ടുപേർക്കും രാജ്യസഭാ സീറ്റ് ലഭിക്കുകയും ചെയ്തിരുന്നു. ബാബ സിദ്ദിഖി എൻസിപിയിലാണ് ചേർന്നത്.

ചൊവ്വാഴ്ച ബസവരാജ് ബിജെപിയിൽ ചേരുമെന്ന് ചില റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. മറാത്ത്‌വാഡാ പ്രദേശത്തെ സ്വാധീനമുള്ള നേതാവായിരുന്നു ബസവരാജ്. 1999ലാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ ബസവരാജ് ആദ്യം മത്സരിക്കുന്നത്. മഹാരാഷ്ട്ര മന്ത്രിസഭയിൽ അംഗമായ അദ്ദേഹം 1999 - 2004 കാലയളവിൽ റൂറൽ ഡവലപ്പ്‌മെന്റ് മന്ത്രിയായിരുന്നു.