പട്‌ന: തിരഞ്ഞെടുപ്പു തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിന്റെ നേതൃത്വത്തിലുള്ള ജന്‍ സുരാജ് പ്രസ്ഥാനത്തിന്റെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനത്തിനായി ഒക്ടോബര്‍ രണ്ടിനു പട്‌ന വെറ്ററിനറി കോളജ് ഗ്രൗണ്ടില്‍ വന്‍ റാലി സംഘടിപ്പിക്കും. രാഷ്ട്രീയ പാര്‍ട്ടി രൂപീകരണത്തിനു മുന്നോടിയായി 2022 മേയ് രണ്ടിന് ആരംഭിച്ച ജനസമ്പര്‍ക്ക പദയാത്രയില്‍ പ്രശാന്ത് കിഷോര്‍ ബിഹാറില്‍ 5000 കിലോമീറ്റര്‍ സഞ്ചരിച്ചിരുന്നു.

ബിഹാറിലെ പരമ്പരാഗത ജാതിമത കുടുംബ രാഷ്ട്രീയത്തിനു വെല്ലുവിളി ഉയര്‍ത്തുന്ന തരത്തില്‍ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ജനസംഖ്യാനുപാതിക പ്രാതിനിധ്യം നല്‍കുന്ന രീതിയിലാകും ജന്‍ സുരാജ് രാഷ്ട്രീയ പാര്‍ട്ടി രൂപീകരണം. പാര്‍ട്ടി ഭരണഘടന തയാറാക്കല്‍ അന്തിമ ഘട്ടത്തിലാണ്. ബിഹാറില്‍ 2025ല്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റുകളിലും ജന്‍ സുരാജ് രാഷ്ട്രീയ പാര്‍ട്ടി മത്സരിക്കുമെന്നു പ്രശാന്ത് കിഷോര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.