ന്യൂഡൽഹി:രാഷ്ട്രീയ ജനതാദളും കോൺഗ്രസും ഉൾപ്പെട്ട മഹാസഖ്യത്തെ ഉപേക്ഷിച്ച് എൻഡിഎയിലേയ്ക്ക് തിരികെയെത്തിയ ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഡൽഹിയിലെത്തി സന്ദർശിച്ചു. ഇനിയൊരിക്കലും എൻഡിഎ വിട്ടുപോകില്ലെന്ന് സന്ദർശനത്തിനുശേഷം നിതീഷ് കുമാർ മാധ്യമങ്ങളോട് പ്രതികരിച്ചു.

'പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സമർത്ഥമായ നേതൃത്വത്തിന് കീഴിൽ സംസ്ഥാനത്തെ എൻഡിഎ സർക്കാർ വികസനത്തിന്റെ പുതിയ ഉയരങ്ങൾ കീഴടക്കുമെന്ന് എനിക്ക് പൂർണ വിശ്വാസമുണ്ട്. എൻഡിഎ സഖ്യത്തിൽ ബീഹാറിൽ പുതിയ സർക്കാർ രൂപപ്പെട്ടിരിക്കുകയാണ്. പൊതുജനമാണ് യജമാനൻ. അവരെ സേവിക്കുകയെന്നതാണ് ഞങ്ങളുടെ ഏറ്റവും വലിയ ലക്ഷ്യം. എൻഡിഎയുമായുള്ള സഖ്യത്തിൽ സംസ്ഥാനത്ത് വികസന പുരോഗതിയുണ്ടാവും. ജനങ്ങളുടെ ജീവിതം മെച്ചപ്പെട്ടതാവും. ഇനിയൊരിക്കലും എൻഡിയെ വിടില്ല. ഇവിടെതന്നെ തുടരും'- മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ നിതീഷ് കുമാർ വ്യക്തമാക്കി.

മോദിക്ക് പുറമെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ എന്നിവരുമായും നിതീഷ് കുമാർ കൂടിക്കാഴ്ച നടത്തി. ഫെബ്രുവരി 12ന് നിതീഷ് കുമാറിന്റെ പുതിയ സർക്കാർ നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാനിരിക്കെയാണ് ബിജെപി നേതാക്കളുമായുള്ള സന്ദർശനം. 243 സീറ്റുകളിൽ 122 സീറ്റുകളാണ് നിയമസഭയിൽ കേവല ഭൂരിപക്ഷത്തിനു വേണ്ടത്. നിലവിൽ ബിജെപി- 78, ആർജെഡി 79, ജെഡിയു 45, കോൺഗ്രസ്- 19, ഇടത് കക്ഷികൾ- 16, എച്ച്എഎം-4, എഐഎംഐഎം-1, സ്വതന്ത്രൻ- 1 എന്നിങ്ങനെയാണ് കക്ഷിനില. ജെഡിയു പോയതോടെ ആർജെഡിയും കോൺഗ്രസും ഇടത് കക്ഷികൾക്കും ചേർത്തുള്ളത് 114 സീറ്റ്.