പട്ന:മദ്യം കഴിക്കുന്നത് ഒഴിവാക്കുകയും മദ്യക്കച്ചവടത്തിൽ ഏർപ്പെടാതിരിക്കുകയുമാണ് മദ്യം മൂലമുണ്ടാകുന്ന ദുരന്തങ്ങൾ ഇല്ലാതാക്കാൻ വേണ്ടതെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ.കഴിഞ്ഞ ദിവസം സരൺ ജില്ലയിലെ ഛപ്രയിലുണ്ടായ വിഷമദ്യ ദുരന്തത്തിൽ മുപ്പതോളം പേർ മരിച്ച സംഭവത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു നിതീഷ്.മദ്യം കഴിക്കുന്നവർ മരിക്കും അതിനാൽ തന്നെ അത് ഉപേക്ഷിക്കുകയാണ് വേണ്ടതെന്നും നിതീഷ് പറഞ്ഞു.

2016 മുതൽ മദ്യനിരോധനം നിലവിലുള്ള സംസ്ഥാനമാണ് ബിഹാർ.അതിനുശേഷം സംസ്ഥാനത്ത് മദ്യദുരന്തങ്ങളും പതിവാണ്. എന്നാൽ സംസ്ഥാനത്ത് മദ്യനിരോധനം ഇല്ലാതിരുന്ന കാലത്തും വ്യാജമദ്യം കാരണം ആളുകൾ മരിച്ചിട്ടുണ്ടെന്ന് നിതീഷ് വ്യക്തമാക്കി.'കഴിഞ്ഞ തവണ വ്യാജമദ്യം കഴിച്ച് ആളുകൾ മരിച്ചപ്പോൾ ചിലർ പറഞ്ഞു, അവരുടെ കുടുംബാംഗങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്ന്. ആരെങ്കിലും മദ്യം കഴിക്കുകയാണെങ്കിൽ അവർ മരിക്കും. ഉദാഹരണങ്ങൾ നമുക്ക് മുമ്പിലുണ്ട്.ഇവിടെ മദ്യനിരോധനം ഇല്ലാതിരുന്ന കാലത്തും വ്യാജമദ്യം കാരണം ആളുകൾ മരിച്ചിട്ടുണ്ട്.മറ്റു സംസ്ഥാനങ്ങളിലും മരണങ്ങൾ ഉണ്ടായിട്ടുണ്ട്.മദ്യനിരോധനം ഉള്ളതിനാൽ ഇവിടെ ലഭിക്കുന്നത് വ്യാജമദ്യമായിരിക്കും. ഇതിനെതിരെ ജനങ്ങൾ ജാഗ്രത പാലിക്കുകയാണ് വേണ്ടതെന്നും നിതീഷ് വ്യക്തമാക്കി.

'പാവപ്പെട്ടവരെ പിടികൂടരുതെന്ന് ഞാൻ ഉദ്യോഗസ്ഥരോട് പറഞ്ഞിട്ടുണ്ട്. മദ്യം നിർമ്മിക്കുന്നവരെയും മദ്യവ്യാപാരം നടത്തുന്നവരെയും പിടികൂടണം. ആളുകൾക്ക് മറ്റു തൊഴിലുകൾ കണ്ടെത്തുന്നതിന് ഒരു ലക്ഷം രൂപ നൽകാൻ തയ്യാറാണ്. ആവശ്യമെങ്കിൽ ഞങ്ങൾ തുക സമാഹരിക്കും, ആരും വ്യാജമദ്യ കച്ചവടത്തിൽ ഏർപ്പെടരുത്', നിതീഷ് കുമാർ പറഞ്ഞു.

മദ്യനിരോധനം നിരവധി പേർക്ക് ഗുണം ചെയ്തിട്ടുണ്ട്.വലിയൊരു വിഭാഗം ആളുകൾ മദ്യം ഉപേക്ഷിച്ചു.ഇത് നല്ലതാണ്.പലരും ഇത് സന്തോഷത്തോടെ സ്വീകരിച്ചു.എന്നാൽ ചില കുഴപ്പക്കാരുണ്ട്. യഥാർത്ഥ പ്രശ്‌നമുണ്ടാക്കുന്നവരെ തിരിച്ചറിയാനും അവരെ പിടികൂടാനും താൻ ഉദ്യോഗസ്ഥരോട് പറഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.