ഭോപ്പാൽ:ഛത്തീസ്‌ഗഢിൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സിനെ കൂട്ടബലാത്സംഗം ചെയ്തു.അക്രമത്തിന്റെ ദൃശ്യങ്ങൾ പ്രതികൾ മൊബൈലിൽ പകർത്തുകയും പൊലീസിൽ പരാതിപ്പെട്ടാൽ കൊല്ലുമെന്ന് ഭീക്ഷണിപ്പെടുത്തുകയും ചെയ്തു.17 കാരൻ ഉൽപ്പെടെയുള്ള സംഘമാണ് സംഭവത്തിന് പിന്നിൽ.നേഴ്‌സിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ മൂന്നുപേരെ പൊലീസ് അറസ്റ്റുചെയ്തിട്ടുണ്ട്.എന്നാൽ സംഘത്തിലെ ഒരാൾ ഒളിവിലാണ്.

മഹേന്ദ്രഗഢ് ജില്ലയിലാണ് സംഭവം നടന്നത്.ദീപാവലിയോട് അനുബന്ധിച്ച് അവധിയായതിനാൽ പീഡനത്തിനിരയായ നഴ്സ് മാത്രമായിരുന്നു ഡ്യൂട്ടിയിൽ ഉണ്ടായിരുന്നത്.സമീപമുള്ള സ്‌കൂളും അവധിയായതിനാൽ അടച്ചിട്ട നിലയിലായിരുന്നു.ഇത് തിരിച്ചറിഞ്ഞ പ്രതികൾ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് അതിക്രമിച്ചു കയറിയാണ് നേഴ്‌സിനെ ആക്രമിച്ചത്.

സംഘം ചേർന്നെത്തിയ ഇവർ അക്രമത്തിന്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയുംചെയ്തിരുന്നു.ഈ വിവരം പൊലീസിൽ പരാതിപ്പെട്ടാൽ കൊല്ലുമെന്നായിരുന്നു ഭീക്ഷണിയെന്നും നേഴ്സ മൊഴി നൽകിയതായി പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.ഒളിവിലുള്ള പ്രതിക്കായി അന്വേഷണം നടക്കുകയാണെന്നും പൊലീസ് സൂപ്രണ്ട് നിമേഷ് ബരിയ പറഞ്ഞു.

സംഭവത്തെ കുറിച്ച് മാതാപിതാക്കളോടു പറഞ്ഞതിനെ തുടർന്ന് അവരാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്.സർക്കാർ ആരോഗ്യകേന്ദ്രത്തിൽ നടന്ന പീഡനവാർത്ത പുറത്തുവന്നതോടെ ഗവൺമെന്റിനെതിരെ പ്രതിഷേധങ്ങളുമായി ബിജെപി രംഗത്തെത്തി കഴിഞ്ഞു.വിഷയത്തിൽ സർക്കാർ മേഖലയിലെ ആരോഗ്യപ്രവർത്തകരും പ്രതിഷേധവുമായി രംഗത്തെത്തി.തങ്ങൾക്ക് സുരക്ഷയുറപ്പാക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണെന്നും പ്രതികൾക്കെതിരേ നടപടി സ്വീകരിച്ചില്ലെങ്കിൽ ജോലി ബഹിഷ്‌കരിക്കുമെന്നും അവർ വ്യക്തമാക്കി.