ന്യൂഡെൽഹി:നാട്ടു നാട്ടു എന്ന ഗാനത്തിലൂടെ 80ാമത് ഗോൾഡൻ ഗ്ലോബ് പുരസ്‌കാരത്തിൽ ഇന്ത്യയ്ക്ക് അഭിമാനമായി മാറിയ ചിത്രം ആർആർആറിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.തന്റെ ട്വിറ്റർ പേജിലൂടെയാണ് നരേന്ദ്ര മോദി അഭിനന്ദനം അറിയിച്ചത്.സിനിമയുടെ സംഗീത സംവിധായകൻ എംഎം കീരവാണി, സംവിധായകൻ രാജമൗലി ഉൾപ്പടെയുള്ള അണിയറ പ്രവർത്തകരുടെ പേരുകൾ എടുത്തു പറഞ്ഞു കൊണ്ടുള്ളതാണ് അദ്ദേഹത്തിന്റെ ട്വീറ്റ്.'വളരെ സവിശേഷമായ ഒരു നേട്ടമാണിത്. എംഎം കീരവാണിയെ അഭിനന്ദിക്കുന്നു. ഗാനത്തിന് പിന്നിൽ പ്രവർത്തിച്ച പ്രേം രക്ഷിത്, കാലഭൈരവ, ചന്ദ്രബോസ്, രാഹുൽസിപ്ലിഗുഞ്ച്, രാജമൗലി, ജൂനിയർ എൻടിആർ, രാംചരൺ തുടങ്ങിയ എല്ലാ ആർആർആർ അണിയറ പ്രവർത്തകരെയും അഭിനന്ദിക്കുന്നു. ഈ അഭിമാനകരമായ നേട്ടം ഓരോ ഇന്ത്യക്കാരനേയും അഭിമാനം കൊള്ളിക്കുന്നതാണ്' പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

ആർആർആറിന്റെ നേട്ടത്തിൽ ഇന്ത്യൻ സിനിമാലോകം സമൂഹ മാധ്യമങ്ങളിലൂടെ സന്തോഷം പങ്കുവെക്കുന്നുണ്ട്. 'ഗോൾഡൻ ഗ്ലോബ് നേടിയ താങ്കളുടെ നാട്ടു നാട്ടു എന്ന ഗാനത്തിന് ചുവടുവച്ചാണ് ഇന്ന് ഉറക്കമെഴുന്നേറ്റത്', എന്നാണ് ഷാരൂഖ് ഖാന്റെ പ്രതികരണം. ഇനിയും പുരസ്‌കാരങ്ങൾ നേടി ഇന്ത്യയ്ക്ക് കൂടുതൽ അഭിമാനകരമാകട്ടെ എന്നും അദ്ദേഹം ആശംസിച്ചു.

നേട്ടത്തിൽ ഓസ്‌കാർ അവാർഡ് ജേതാവും സംഗീത സംവിധായകനുമായ എആർ റഹ്മാൻ സംഗീത സംവിധായകൻ എംഎം കീരവാണിയെ അഭിനന്ദിച്ചെത്തിയിരുന്നു. 'അവിശ്വസനീയമായ മാറ്റമാണിത്. കീരവാണിക്കും എസ്എസ് രാജമൗലിക്കും ആർആർആർ ടീമിനും എല്ലാ ഇന്ത്യക്കാരുടെയും അഭിനന്ദനങ്ങൾ', എന്നാണ് എ ആർ റഹ്മാൻ ട്വീറ്റ് ചെയ്തത്. പതിനാല് വർഷങ്ങൾക്ക് ശേഷമാണ് ഗോൾഡൻ ഗ്ലോബ് ഇന്ത്യയിലേക്ക് എത്തുന്നത്.സ്ലംഡോഗ് മില്യണേയർ എന്ന ചിത്രത്തിലൂടെ എ ആർ റഹ്മാൻ ആണ് പുരസ്‌കാരം ഇതിന് മുൻപ് രാജ്യത്തേക്ക് എത്തിച്ചത്.ചിരഞ്ജീവി, ആലിയ ഭട്ട്, ഹുമ ഖുറേഷി, തുടങ്ങി നിരവധിപ്പേർ സിനിമയുടെ നേട്ടത്തിൽ സന്തോഷം പങ്കുവെച്ചിട്ടുണ്ട്.ചരിത്ര നേട്ടം എന്നാണ് ചിരഞ്ജീവി പുരസ്‌കാരത്തെ വിശേഷിപ്പിച്ചത്. രാജമൗലി ലോകം കീഴടക്കുമെന്നായിരുന്നു സൂപ്പർ താരം പ്രഭാസിന്റെ പ്രതികരണം.

മികച്ച ഒറിജിനൽ സോങ് വിഭാഗത്തിലാണ് ആർആർആറിലെ നാട്ടു നാട്ടു എന്ന ഗാനം പുരസ്‌കാരം നേടിയത്. ആർആർആറിന്റെ സംഗീത സംവിധായകൻ എം എം കീരവാണിയാണ് പുരസ്‌കാരം ഏറ്റുവാങ്ങിയത്.ഗോൾഡൻ ഗ്ലോബ് നേടുന്ന ആദ്യ ഏഷ്യൻ ഗാനം എന്ന റെക്കോർഡും ഇതോടെ നാട്ടു നാട്ടു സ്വന്തമാക്കി.