മുംബൈ: സ്വകാര്യ ദൃശ്യങ്ങൾ പുറത്തുവിട്ടുവെന്ന് ആരോപിച്ച് മുൻ ഭർത്താവ് ആദിൽ ഖാൻ ദുറാനി നൽകിയ പരാതിയിൽ നടി രാഖി സാവന്തിന് കോടതി മുൻകൂർ ജാമ്യം നിഷേധിച്ചു. ദിൻദോഷി അഡിഷനൽ സെഷൻസ് ജഡ്ജി ശ്രീകാന്ത് വൈ ഭോസാലെയാണ് നടിയുടെ ജാമ്യാപേക്ഷ തള്ളിയത്. ജനുവരി എട്ടിന് വന്ന കോടതിവിധിയുടെ വിശദാംശങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്.

അംബോളി പൊലീസ് സ്റ്റേഷനിലാണ് ആദിൽ പരാതി നൽകിയത്. തന്നെ അപകീർത്തിപ്പെടുത്താനായി വിവിധ ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെ രാഖി സ്വകാര്യദൃശ്യങ്ങൾ പുറത്തുവിട്ടെന്ന് അദ്ദേഹം ആരോപിക്കുന്നു. ആദിലിന്റെ പരാതിയിന്മേൽ ഐ.ടി നിയമപ്രകാരം പൊലീസ് കേസെടുക്കുകയായിരുന്നു.

നടിയുടെ അറസ്റ്റിനുള്ള നീക്കം നടക്കുന്നതിനിടെയാണ് അഭിഭാഷകൻ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. തന്നെ പീഡിപ്പിക്കാനും സമ്മർദ്ദം ചെലുത്താനും കേസിൽ കുടുക്കുക എന്ന ഉദ്ദേശത്തോടെയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തതെന്ന് രാഖി സാവന്തിന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു.

നഗ്‌നത പ്രദർശിപ്പിക്കുന്ന തരത്തിലുള്ള ദൃശ്യങ്ങളാണ് നടി പുറത്തുവിട്ടതെന്ന് കോടതി വ്യക്തമാക്കി. സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിൽ പരാതിക്കാരിക്കു രാഖി സാവന്തിന് ജാമ്യം അനുവദിക്കാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കഴിഞ്ഞ് കുറച്ചുനാളുകളായി പിരിഞ്ഞുകഴിയുകയാണ് രാഖിയും ആദിലും. സോഷ്യൽ മീഡിയയിലൂടെ പരസ്പരം ഇവർ ആരോപണം ഉന്നയിക്കുന്നതും പതിവാണ്.