ബെംഗളൂരു: കനത്ത മഴയിൽ വെള്ളക്കെട്ടായ ബെംഗൂരുവിൽ സ്‌കൂട്ടറിൽ യാത്ര ചെയ്തിരുന്ന ഇരുപത്തിമൂന്നുകാരി ഷോക്കേറ്റു മരിച്ചു. തിങ്കളാഴ്ച രാത്രി സിദ്ധപുരയിൽ വെള്ളം നിറഞ്ഞ വഴിയിലൂടെ സഞ്ചരിക്കുന്നതിനിടെ ഇലക്ട്രിക് പോസ്റ്റിൽ തട്ടിയാണ് അഖിലയെന്ന യുവതിക്ക് ഷോക്കേറ്റത്.

സ്വകാര്യ സ്‌കൂളിൽ ജോലി ചെയ്യുന്ന അഖില വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ദാരുണാന്ത്യം സംഭവിച്ചത്. രാത്രി ഒമ്പതരയോടെയാണ് സംഭവമുണ്ടായതെന്ന് പൊലീസ് പറഞ്ഞു.
സിദ്ധപുരയിൽ റോഡിൽ മുട്ടൊപ്പം വെള്ളമുണ്ടായിരുന്നു. സ്‌കൂട്ടർ നിയന്ത്രണം വിട്ട് അഖില വെള്ളത്തിലേക്ക് വീണു. വെള്ളത്തിൽനിന്ന് എഴുന്നേൽക്കാൻ ശ്രമിക്കുന്നതിനിടെ അഖില തൊട്ടടുത്തുള്ള ഇലക്ട്രിക് പോസ്റ്റിൽ പിടിക്കുകയായിരുന്നു.

ഷോക്കേറ്റ് തെറിച്ചു വീണ അഖിലയെ ഓടിക്കൂടിയ നാട്ടുകാർ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തെക്കുറിച്ച് വൈറ്റ്ഫീൽഡ് പൊലീസ് അന്വേഷണം ആരംഭിച്ചു.