ഡൽഹി:റഷ്യയുമായുള്ള യുദ്ധത്തെ തുടർന്ന് പഠനം മുടങ്ങി യുക്രൈനിൽ നിന്ന് മടങ്ങിയെത്തിയ വിദ്യാർത്ഥികൾക്ക് യുദ്ധ ഇരകളുടെ പദവി നൽകുന്നതിൽ കേന്ദ്രം നിലപാട് അറിയിക്കണമെന്ന് സുപ്രീംകോടതിയുടെ നിർദ്ദേശം.വിദ്യാർത്ഥികളുടെ തുടർപഠനം സാധ്യമാവാൻ യുദ്ധ ഇരകളെന്ന പദവി അനിവാര്യമാണെന്ന ഹർജിക്കാരുടെ വാദം പരിഗണിച്ചാണ് കോടതിയുടെ നിർദ്ദേശം.യുദ്ധത്തെ തുടർന്ന് മടങ്ങിയെത്തിയ വിദ്യാർത്ഥികളുടെ മെഡിക്കൽ വിദ്യാഭ്യാസം ഇന്ത്യയിൽ പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികളാണ് കോടതി പരിഗണിച്ചത്.

ജനീവ കൺവെൻഷൻ ഉടമ്പടി പ്രകാരമുള്ള ആനുകൂല്യങ്ങൾ വിദ്യാർത്ഥികൾക്ക് നൽകണം.ഇതിനായി യുദ്ധ ഇരകളായി ഇവരെ പ്രഖ്യാപിക്കണം.ഈ പരിഗണന ലഭിച്ചാൽ മറ്റ് രാജ്യങ്ങളിൽ തുടർപഠനത്തിന് അവസരം ലഭിക്കുമെന്നും ഹർജിക്കാർ വാദിച്ചു.കേസ് അടുത്ത ചൊവ്വാഴ്‌ച്ച വീണ്ടും പരിഗണിക്കും.തുടർപരിഗണനക്കെടുക്കുമ്പോൾ കേന്ദ്രത്തിന്റെ നിലപാട് നിർണ്ണായകമാകും.യുക്രൈനിൽ നിന്നും തിരികെ എത്തിയ വിദ്യാർത്ഥികളെ രാജ്യത്തെ സർവ്വകലാശാലകളിൽ പ്രവേശിപ്പിക്കാനാകില്ലെന്ന് നേരത്തെ കേന്ദ്രം നിലപാട് അറിയിച്ചിരുന്നു.ഇതോടെയാണ് ബദൽ മാർഗങ്ങൾ കോടതി തേടിയിരിക്കുന്നത്.

ജസ്റ്റിസുമാരായ സൂര്യകാന്ത്, വിക്രംനാഥ് എന്നിവരടങ്ങിയ ബെഞ്ചാണ് ഇക്കാര്യത്തിൽ കേന്ദ്രനിലപാട് തേടിയത്.വിദേശകാര്യമന്ത്രാലയത്തിന്റെ കണക്ക് അനുസരിച്ച് 15,783 വിദ്യാർത്ഥികളാണ് യുക്രൈനിൽ പഠിക്കുന്നതെന്നും ഇതിൽ 14,973 പേർ ഓൺലൈനായി പഠനം തുടരുന്നതായും കേന്ദ്രം കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു.640 വിദ്യാർത്ഥികൾ നിലവിൽ യുക്രൈനിൽ തുടരുകയാണ്.170 പേർ മറ്റു രാജ്യങ്ങളിലേക്ക് പഠനം മാറ്റിയിട്ടുണ്ടെന്നും 382 പേർ നൽകിയ അപേക്ഷയിൽ തീരുമാനമായില്ലെന്നും കേന്ദ്രം വ്യക്തമാക്കി.

ഇതിനിടെ യുദ്ധത്തെ തുടർന്ന് യുക്രൈനിൽ നിന്നും മടങ്ങിയെത്തിയ ഇന്ത്യൻ വിദ്യാർത്ഥികളുടെ മെഡിക്കൽ കോഴ്സ് വിദ്യാഭ്യാസം ഇന്ത്യയിൽ പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയും സുപ്രീംകോടതി പരിഗണിച്ചു.ഈ വിഷയത്തിൽ കേന്ദ്രത്തിന്റെ മറുപടി സമർപ്പിച്ചതായി എഎസ്ജി ഐശ്വര്യ ഭാട്ടി കോടതിയെ അറിയിച്ചു.എന്നാൽ അത്തരമൊരു മറുപടി കേന്ദ്രം നൽകിയിട്ടില്ലെന്ന് ഹർജിക്കാരും വാദിച്ചു.

യുദ്ധത്തിൽ തകർന്ന രാജ്യത്ത് കുടുങ്ങിക്കിടക്കുന്ന വിദ്യാർത്ഥികൾക്ക് ശമ്പളത്തിനും അർഹതയുണ്ടെന്ന് ഹർജിക്കാരുടെ വക്കീലായ അഡ്വ മേനക ഗുരുസ്വാമി വാദിച്ചു.എന്നാൽ എല്ലാ വിദ്യാർത്ഥികളെയും ഉൾക്കൊള്ളാൻ സർക്കാറിന് കഴിയില്ലെന്നും പ്രത്യേകിച്ച 1, 4 വർഷ വിദ്യാർത്ഥികളെ ഉൾക്കൊള്ളാൻ കഴിയില്ലെന്ന് കേന്ദ്രം അറിയിച്ചിരുന്നെന്നും ഇത് മെഡിക്കൽ വിദ്യാഭ്യാസത്തെ ബാധിക്കുമെന്നും എഎസ്ജി വാദിച്ചു.