ലഖ്നൗ: ഉത്തർപ്രദേശിലെ സർക്കാർ ആശുപത്രിയിൽ അപകടത്തിൽപ്പെട്ട് ഗുരുതര പരിക്കേറ്റയാൾക്ക് ചികിത്സ ലഭ്യമാക്കുന്നതിൽ അനാസ്ഥയുണ്ടായ സംഭവത്തിൽ നാല് ജീവനക്കാർക്ക് സസ്പെൻഷൻ. ഗുരുതരമായി പരിക്കേറ്റ രോഗി ചികിത്സ കിട്ടാതെ തറയിൽ കിടക്കുന്ന വീഡിയോ വൈറലായതോടെയാമ് നടപടി.

അപകടത്തിൽപ്പെട്ടയാൾ അവശനിലയിൽ തറയിൽ കിടക്കുന്നതും ഒരു നായ തറയിൽ നിന്ന് ഇയാളുടെ രക്തം നക്കിയെടുക്കുന്നതും ദൃശ്യത്തിലുണ്ടായിരുന്നു. സംസ്ഥാനത്തെ കോൺഗ്രസ് നേതൃത്വമടക്കം വിമർശനവുമായി എത്തിയതിന് പിന്നാലെയാണ് അധികൃതർ ജീവനക്കാർക്കെതിരെ നടപടി എടുത്തിരിക്കുന്നത്.

രണ്ടു തൂപ്പുജോലിക്കാർക്കെതിരേയും വാർഡിലെ രണ്ടു ജീവനക്കാർക്കെതിരേയുമാണ് നടപടിയെടുത്തിരിക്കുന്നതെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. 'യു.പി. സർക്കാരിന്റെ ആംബുലൻസ് സർവീസിലായിരുന്നു ഇയാളെ ആശുപത്രിയിൽ എത്തിച്ചത്. തലയിൽ ഗുരുതരമായി പരിക്കേറ്റിരുന്നു. വളരെ അവശനായതിനാൽ അയാൾക്ക് കിടക്ക നൽകി. അതേസമയം, മൂന്നുനാലു രോഗികൾ കൂടി ആശുപത്രയിലെത്തി. ഇവിടേക്ക് ഡോക്ടർമാരും ഫാർമസിസ്റ്റുകളും പോയി. ഇതിനിടയ്ക്കാണ് നായ വാർഡിൽ കയറിയത്', ചീഫ് മെഡിക്കൽ സൂപ്രണ്ട് സത്യേന്ദ്ര കുമാർ വർമ്മ അറിയിച്ചു.

ഖുശിനഗർ ജില്ലാ ആശുപത്രിയിലാണ് സംഭവം. റോഡ് അപകടത്തിൽ പരിക്കേറ്റാണ് 24-കാരനായ ബിട്ടുവിനെ ആശുപത്രിയിൽ എത്തിച്ചത്. നിലവിൽ ഇയാൾ ഗൊരഖ്പുർ മെഡിക്കൽ കോളേജ് ആശുപത്രയിൽ ചികിത്സയിലാണ്. ചികിത്സ നൽകുന്നതിൽ അനാസ്ഥ കാണിച്ച സംഭവത്തിൽ ജില്ലാ മജിസ്ട്രേറ്റിന്റെ നേതൃത്വത്തിൽ അന്വേഷണത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്. പരസ്യങ്ങൾക്കുമപ്പുറം സംസ്ഥാനത്തിന്റെ യഥാർഥ അവസ്ഥയിതാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസ് വീഡിയോ പങ്കുവെച്ചത്.