തിരുവനന്തപുരം: മകളെയും പേരക്കുട്ടിയെയും തേടിയുള്ള ഒരമ്മയുടെ കാത്തിരിപ്പിന് 11 വയസ്സ്.പൂവച്ചൽ സ്വദേശി രാധയാണ് 11 വർഷം മുൻപ് കാണാതായ മകളും കൊച്ചുമകളും തിരിച്ചവരുന്നതും കാത്ത് കഴിയുന്നത്.പൂവച്ചൽ വേങ്ങവിളയിൽ നിന്നും ഊരുട്ടമ്പലം വെള്ളൂർകോണത്ത് വാടകയ്ക്ക് താമസിച്ചിരുന്ന ദിവ്യയെയും മകൾ ഗൗരിയെയും 2011 ഓഗസ്റ്റ് 11 മുതലാണ് കാണാതായത്.നിരവധി തവണ പൊലീസ് സ്റ്റേഷനുകൾ കയറി ഇറങ്ങിയെങ്കിലും മകളെ കുറിച്ച് ഒരു വിവരവും ഇവർക്കിന്നും അറിയില്ല.ദിവ്യയും മകളും ജീവനോടെ ഉണ്ടോ എന്നത് സംബന്ധിച്ച് ഒരറിവും ഈ അമ്മക്കില്ല.എങ്കിലും മകൾ തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് ഈ അമ്മ.

മനുവെന്ന മാഹീനുമായി മകൾക്കുണ്ടായ പ്രണയത്തോടെയാണ് ഈ കുടുംബത്തിന്റെ ജീവിതം അസാധാരണമാം വിധം മാറുന്നത്.പിന്നിടങ്ങോട്ട് സംഭവ ബഹുലമായിരുന്നു അമ്മയുടെ ജീവിതം.ആ കഥ ഇങ്ങനെ..പൂവാർ സ്വദേശി മാഹീനുമായി ദിവ്യ പ്രണയത്തിലായിരുന്നു.മനു എന്ന പേരിലാണ് മാഹീൻ ദിവ്യയുമായി അടുത്തത്. നേരത്തെ വിവാഹിതനാണെന്ന കാര്യം മറച്ചുവച്ചാണ് മാഹീൻ ദിവ്യയുമായി അടുത്തത്. വീട്ടുകാർ എതിർത്തുവെങ്കിലും ദിവ്യ മാഹീനെ തന്നെ വിവാഹം കഴിച്ചു. ദിവ്യ ഗർഭിണി ആയതോടെ മാഹീൻ വിദേശത്തേക്ക് കടന്നു.

എന്നാൽ ദിവ്യ പ്രസവിച്ച് ഒന്നര വർഷത്തിനു ശേഷം മാഹീൻ തിരിച്ചെത്തി.നാട്ടിലെത്തിയ ശേഷം വീണ്ടും ഇയാൾ ദിവ്യയുമായി ബന്ധം സ്ഥാപിച്ചു.ഊരുട്ടമ്പലത്ത് താമസം തുടങ്ങി. ഇതിനു ശേഷം ഇയാൾ 2011 ഓഗസ്റ്റ് 11 ന് വൈകിട്ട് ദിവ്യയെയും മകളെയും കൂട്ടികൊണ്ടു പോയി.പിന്നീട് ഇവരെ കുറിച്ച് ഒരു വിവരവുമില്ല.മകളെ കാണാതായതോടെ രണ്ടു ദിവസത്തിനുശേഷം ദിവ്യയുടെ മാതാവ് രാധ മാറനല്ലൂർ പൊലീസിൽ പരാതി നൽകി.

തൊട്ടടുത്ത ദിവസം മാഹീന്റെ സ്വദേശമായ പൂവാർ സ്റ്റേഷനിലും പരാതി നൽകി. മാഹീനെ കസ്റ്റഡിയിലെടുത്തപ്പോൾ, ദിവ്യയെയും മകളെയും വേളാങ്കണ്ണിയിൽ താമസിപ്പിച്ചിരിക്കുന്നു എന്നായിരുന്നു ഇയാൾ പൊലീസിനോട് പറഞ്ഞത്. വേളാങ്കണ്ണിയിൽ നിന്ന് ദിവ്യയെ കൂട്ടിക്കൊണ്ടുവരാമെന്നു സമ്മതിച്ച് പോയ മാഹീനെ പിന്നീട് ദിവ്യയുടെ വീട്ടുകാർ കണ്ടിട്ടില്ല. ഇതിനിടയിൽ പലതവണയാണ് നീതിക്കായി ഈ അമ്മ സ്റ്റേഷനുകൾ കയറിയിറങ്ങിയത്. മകളെക്കുറിച്ച് ഒരു വിവരവും ലഭിക്കാത്തത് ഈ കുടുംബത്തെ എല്ലാ അർത്ഥത്തിലും തളർത്തി.

ഇതിനിടെ മകളെ കാണാതായ വിഷമത്തിൽ ദിവ്യയുടെ അച്ഛൻ മരിച്ചു. അച്ഛൻ മരിച്ചപ്പോഴും ദിവ്യ എത്തിയില്ല.മാഹീൻ ഇപ്പോഴും നാട്ടിലുണ്ടെന്നു രാധ പറയുന്നു.ഇതിനിടിയിലാണ് ദിവ്യയെയും മകളെയും കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്. നെയ്യാറ്റിൻകര അസി. പൊലീസ് സൂപ്രണ്ട് പരാഷിന്റെ നേതൃത്വത്തിൽ ക്രൈം ബ്രാഞ്ച്, ഡിസിആർബി ഡിവൈഎസ്‌പിമാരും പൂവാർ, മാറനല്ലൂർ, സൈബർ സെൽ ഇൻസ്പെക്ടർമാരും അടങ്ങുന്ന 15 അംഗ സംഘത്തിനാണ് അന്വേഷണ ചുമതല.

പുതിയ അന്വേഷണ സംഘത്തിൽ വിശ്വാസം അർപ്പിച്ചിരിക്കുകയാണ് ദിവ്യയയുടെ മാതാവ്. മകളെ ഒരുനോക്ക് കണ്ട് മരിച്ചാൽ മതിയെന്നാണ് രാധക്ക് പറയാനുള്ളത്.11 വർഷത്തിനുപ്പറമെങ്കിലും തനിക്ക് നീതി ലഭിക്കുമെന്നാണ് ഈ അമ്മയുടെ പ്രതീക്ഷ