-കൊല്ലം: യുഎസിലെ കലിഫോർണിയയിൽ ഹീറ്ററിൽ നിന്നുള്ള വാതകം ശ്വസിച്ച് കുടുംബത്തിലെ 4 പേർ മരിച്ചു. ഫാത്തിമ മാതാ കോളജ് മുൻ പ്രിൻസിപ്പൽ ഹെൻട്രിയുടെ മകനും ഭാര്യയും ഇരട്ടകളായ രണ്ടു ആൺകുട്ടികളുമാണ് അപകടത്തിൽ പെട്ടത്.

മരണകാരണം എന്തെന്ന് അറിയാനിരിക്കുന്നതേയുള്ളുവെന്ന് സാൻ മറ്റെയോ പൊലീസ് വകുപ്പിലെ പി ആർ ഒ ജെറാമി സൂരാറ്റ് എൻബിസിയോട് പറഞ്ഞു. കുടുംബത്തിന്റെ ക്ഷേമം അന്വേഷിക്കാൻ വിളിച്ച കോളിന് മറുപടി ഉണ്ടായില്ല. വീട്ടിന് അകത്ത് ആരെങ്കിലും അതിക്രമിച്ചുകടന്നതായും പൊലീസിന് കണ്ടെത്താനായില്ല. ഇതോടെയാണ് ഹീറ്ററിൽ നിന്നുള്ള വിഷവാതകം ശ്വസിച്ചാണ് നാലംഗ കുടുംബത്തിന്റെ മരണമെന്ന നിഗമനത്തിൽ എത്തിയത്.

ഫാത്തിമാമാതാ കോളജ് മുൻ പ്രിൻസിപ്പൽ പട്ടത്താനം വികാസ് നഗർ 57ൽ ഡോ.ജി.ഹെന്റിയുടെ മകൻ ആനന്ദ് സുജിത് ഹെന്റി (42), ഭാര്യ ആലീസ് പ്രിയങ്ക (40), ഇരട്ടക്കുട്ടികളായ നോഹ, നെയ്തൻ (4) എന്നിവരാണ് മരിച്ചത്. തണുപ്പിനെ പ്രതിരോധിക്കാനായി ഉപയോഗിച്ച ഹീറ്ററിൽ നിന്നുയർന്ന വാതകം ശ്വസിച്ചതാകാം മരണകാരണമെന്നാണ് ബന്ധുക്കൾ സംശയിക്കുന്നത്. അമേരിക്കൻ സമയം 12ന് രാവിലെ 9.15നാണ് (ഇന്ത്യൻ സമയം തിങ്കളാഴ്ച രാത്രി 7.45ന്) പൊലീസ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

കിളിയല്ലൂർ വെളിയിൽ വീട്ടിൽ പരേതനായ ബെൻസിഗർജൂലിയറ്റ് ബെൻസിഗർ ദമ്പതികളുടെ ഏക മകളാണ് ആലീസ് പ്രിയങ്ക. ആലീസിന്റെ അമ്മ ജൂലിയറ്റ് അമേരിക്കയിലായിരുന്നു. 11നാണ് തിരികെ വന്നത്. 12ന് രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തി ആലീസ് പ്രിയങ്കയെ വിളിച്ചിരുന്നു. കൊല്ലത്തെ വീട്ടിലെത്തിയശേഷം വാട്‌സാപ് മെസേജ് ഇരുവർക്കും അയച്ചു. ഒരാൾ മാത്രമാണ് മെസേജ് കണ്ടത്. തുടർന്ന് അമേരിക്കയിലുള്ള ഒരു ബന്ധുവിനെ ജൂലിയറ്റ് വിവരം അറിയിച്ചു. അദ്ദേഹം ഒരു സുഹൃത്ത് മുഖേന അന്വേഷിച്ചു. ആനന്ദിന്റെ വീടിനു പുറത്ത് എത്തിയ സുഹൃത്തിനു സംശയം തോന്നിയാണ് പൊലീസിൽ വിവരം അറിയിച്ചത്. പൊലീസ് എത്തി പൂട്ടു തുറന്നപ്പോഴാണ് ഒരു മുറിയിൽ നാലുപേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.

പോസ്റ്റ്മോർട്ടം രാത്രി വൈകി നടക്കുമെന്നും അതിന്റെ റിപ്പോർട്ട് വന്നാൽ മാത്രമേ മരണകാരണം വ്യക്തമാകൂവെന്നും സാൻ മറ്റേയോ പൊലീസ് പറഞ്ഞു. പൊലീസ് എത്തിയപ്പോഴേക്കും മരിച്ചുവെന്നാണ് അവർ പറയുന്നത്. മറ്റാരുടെയും സാന്നിധ്യം തിരിച്ചറിഞ്ഞിട്ടില്ല. എല്ലാ സാധ്യതകളും അന്വേഷിക്കുന്നതായും പൊലീസ് സംഘം അറിയിച്ചു. ഗൂഗിളിൽ ജോലി ചെയ്യുകയായിരുന്ന ആനന്ദ് അടുത്തിടെയാണ് ജോലി രാജിവച്ചു സ്റ്റാർട്ടപ് തുടങ്ങിയത്. ആലീസ് പ്രിയങ്ക സീനിയർ അനലിസ്റ്റായി ജോലി ചെയ്യുകയായിരുന്നു. ആറേഴു വർഷം മുൻപാണ് കുടുംബം അമേരിക്കയിലേക്കു പോയത്. അതിനു ശേഷം തിരികെ വന്നിട്ടില്ല. ഇരട്ടക്കുട്ടികളുടെ ജനനവും അവിടെ തന്നെയായിരുന്നു.