തൃശൂർ. തിരുവിലാമലയിൽ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് എട്ടുവയസ്സുകാരി മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്, മൊബൈൽ ഫോണിനെ സംബന്ധിച്ച് വിശദമായ അന്വേഷണം നടക്കുകയാണ്. മൊബൈലിലെ ബാറ്ററി അതിയായ മർദ്ദത്തോടെ പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. പുതപ്പിനുള്ളിൽവച്ച് മൊബൈൽ ഉപയോഗിച്ചത് അപകടത്തിന്റെ വ്യാപ്തി വർധിപ്പിച്ചിരിക്കാമെന്നും സൂചനയുണ്ട്.

'കെമിക്കൽ ബ്ലാസ്റ്റ് കാരണം തലയിലേറ്റ പരുക്കും തലച്ചോറിലെ രക്തസ്രാവവും ആണ് ആദിത്യശ്രീയുടെ മരണത്തിന് കാരണമായത്. മരണകാരണം തലയ്ക്കേറ്റ പരുക്കും തലച്ചോറിലെ രക്തസ്രാവവുമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും പറയുന്നത്. പട്ടിപ്പറമ്പ് കുന്നത്ത് അശോക് കുമാറിന്റെ ഏകമകൾ ആദിത്യശ്രീ ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി പത്തരയോടെയാണ് സംഭവമുണ്ടായത്. ഡിസ്പ്ലേ പൊട്ടുകയും ബാറ്ററിയുടെ ഭാഗം വീർക്കുകയും ചെയ്ത തരത്തിലാണു ഫോൺ കണ്ടെത്തിയത്.

ഫോൺ പൂർണമായും തകർന്നിട്ടില്ല. ബാറ്ററിയാണു പൊട്ടിത്തെറിച്ചതെന്ന് (കെമിക്കൽ ബ്ലാസ്റ്റ്) പൊലീസ് പറഞ്ഞു. ബാറ്ററിക്കുള്ളിലെ ജെൽ, ചൂടിൽ ഗ്യാസ് രൂപത്തിലായി മാറി ഫോണിന്റെ സ്‌ക്രീനിൽ ചെറിയ സുഷിരമുണ്ടാക്കി ചീറ്റിത്തെറിച്ചതാകാം ദുരന്തത്തിനിടയാക്കിയതെന്നാണു ഫൊറൻസിക് ഉദ്യോഗസ്ഥരുടെ നിഗമനം. 4 വർഷം മുൻപു വാങ്ങിയ ഫോണിന്റെ ബാറ്ററി രണ്ടര വർഷം മുൻപാണ് മാറ്റിയത്.

. പെൺകുട്ടിയുടെ വീട്ടിൽനിന്ന് രാത്രി പൊട്ടിത്തെറിയുടെ ശബ്ദം കേട്ടെങ്കിലും, വിഷുവിന് ബാക്കിവന്ന പടക്കം പൊട്ടിക്കുന്നുവെന്നാണെന്ന് ആദ്യം കരുതിയതെന്ന് അയൽക്കാർ പറഞ്ഞു. പിന്നീട് വീട്ടിൽനിന്ന് ബഹളം കേട്ടതോടെയാണ് ഇവർ ഓടിച്ചെന്നു നോക്കുന്നത്. കുട്ടിയുടെ മുത്തശ്ശി ഓക്സിജൻ സിലിണ്ടർ ഉപയോഗിക്കുന്നതിനാൽ അതിന് തകരാർ സംഭവിച്ചെന്നാണ് ആദ്യം കരുതിയത്. എന്നാൽ, വീട്ടിലെത്തിയപ്പോഴാണ് പെൺകുട്ടി പരുക്കേറ്റ് കിടക്കുന്നത് കാണുന്നത്. കുട്ടിയുടെ മുഖത്തും വലതു കയ്യിലും ഗുരുതരമായ പരുക്കുകളേറ്റിരുന്നു.

അതേസമയം, ഇത്ര വലിയ അപകടത്തിനു കാരണമായെന്നു കരുതുന്ന മൊബൈൽ ഫോൺ ചിന്നിച്ചിതറി പോയിട്ടുമില്ല മരിച്ച ആദിത്യ ശ്രീ .തിരുവില്വാമല ക്രൈസ്റ്റ് ന്യൂ ലൈഫ് സ്‌കൂളിൽ മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു. . സംഭവം നടക്കുന്ന സമയം കുട്ടിയും മുത്തശ്ശിയും മാത്രമാണു വീട്ടിലുണ്ടായിരുന്നത്. മുത്തശ്ശി ഭക്ഷണം എടുക്കാനായി അടുക്കളയിലേക്കു പോയ സമയത്തായിരുന്നു അപകടം.

അതേസമയം, ഇനിയൊരാൾക്കും ഈ ഗതി വരരുതെന്നാണ് കൂടിയായ ആദിത്യശ്രീയുടെ അച്ഛൻ അശോക് കുമാറിന്റെ പ്രതികരണം. ''മോളു പോയി എന്ന് വിളിച്ച് പറഞ്ഞിട്ടാണ് ഞാനും ഭാര്യയും വീട്ടിലെത്തുന്നത്. ഇവിടെയെത്തുമ്പോൾ ഞങ്ങൾക്ക് അകത്തു കയറാനായില്ല. അവിടേക്കു പോകേണ്ട എന്ന് പറഞ്ഞ് എല്ലാവരും തടഞ്ഞു.

മോളുടെ അവസ്ഥ കണ്ട് എനിക്കും ഭാര്യയ്ക്കും ഒന്നും സംഭവിക്കേണ്ട എന്നു വിചാരിച്ചാകും അത്. അമ്മയും കുട്ടിയുമാണ് അപകട സമയത്ത് വീട്ടിൽ ഉണ്ടായിരുന്നത്. അവർ കിടക്കാനായി പോയെന്നും മോൾ ഫോൺ അരികിൽ വച്ചിട്ടുണ്ടായിരുന്നുവെന്നുമാണ് പറഞ്ഞത്. ഇനി അമ്മ മാറിയ തക്കത്തിന് അവൾ ഫോൺ വീണ്ടുമെടുത്തോ എന്ന് അറിയില്ല. അമ്മയും ഈ പൊട്ടിത്തെറി കേട്ടാണ് വിവരമറിഞ്ഞത്'' - അശോക് പറഞ്ഞു.

'ഫോൺ പൊട്ടിത്തെറിച്ച സംഭവങ്ങളെക്കുറിച്ച് മുൻപു കേട്ടിട്ടുണ്ടെങ്കിലും ഒരാളുടെ മരണത്തിന് ഇടയാക്കുന്നതായി കേൾക്കുന്നത് ആദ്യമാണ്. ഇത്തരം അപകടങ്ങളിൽ കയ്യൊക്കെ പോയതായി കേട്ടിട്ടുണ്ട്. ഇന്ന് ഇത് സംഭവിച്ചത് എന്റെ മോൾക്കായതുകൊണ്ടാണ് ഞാൻ പറയുന്നത്. നാളെ മറ്റൊരാൾക്ക് ഈ ഗതി ഉണ്ടാകരുത്. ഫോൺ സാധാരണ പോക്കറ്റിനുള്ളിൽ ഇടാറുണ്ട്. അത് പൊട്ടിത്തെറിക്കും എന്ന് വന്നാൽ എന്താകും സ്ഥിതി? എന്താണ് സംഭവിച്ചതെന്ന് എന്തായാലും കണ്ടെത്തണം. അത് കണ്ടെത്തി മറ്റുള്ളവരെ ബോധവൽക്കരിക്കാൻ അത് ഉപയോഗിക്കണം.