തിരുവനന്തപുരം: എ കെ ജി സെന്ററിന് നേരേ സ്‌ഫോടക വസ്തു എറിഞ്ഞ സംഭവം കഴിഞ്ഞിട്ട് ഈ മാസം 30 ന് രണ്ടുമാസം തികയും. ക്രൈംബ്രാഞ്ച് ഏറ്റെടുത്തിട്ടും, പ്രതിയുടെ പൊടിപോലുമില്ല കണ്ടുപിടിക്കാൻ. ജൂൺ 30 നാണ് അജ്ഞാതൻ സ്‌ഫോടകവസ്തു എറിഞ്ഞത്. അന്ന് രാത്രി 11.25 ഓടെ ആയിരുന്നു സംഭവം.

എ.കെ.ജി. സെന്ററിന്റെ പിൻഭാഗത്തുള്ള എ.കെ.ജി. ഹാളിന്റെ ഗേറ്റിലേക്കാണ് സ്ഫോടകവസ്തു എറിഞ്ഞത്. ഇവിടെ മതിലിൽ തട്ടി സ്ഫോടകവസ്തു പൊട്ടിത്തെറിച്ചു. കുന്നുകുഴി ഭാഗത്തുനിന്ന് ഇരുചക്ര വാഹനത്തിലെത്തിയ ആളാണ് കൃത്യം ചെയ്തതെന്ന് സി.സി.ടി.വി. ദൃശ്യങ്ങളിൽ നിന്നു വ്യക്തമാണ്. എറിഞ്ഞ സ്‌ഫോടക വസ്തുവിൽ, വീര്യം കുറഞ്ഞതും, ശബ്ദം കൂട്ടുന്നതുമായ പൊട്ടാസ്യം ക്ലോറേറ്റ് ആണ് ഉപയോഗിച്ചതെന്ന് ഫൊറൻസിക് ലാബിന്റെ അന്തിമ റിപ്പോർട്ടിൽ പറയുന്നു. കമ്പക്കെട്ടിനു മാത്രം ഉപയോഗിക്കുന്ന വസ്തുക്കളാണെന്നാണ് വ്യക്തമായതോടെ, ഭയപ്പെടുത്താനാണ് അക്രമി ഉദ്ദേശിച്ചിരുന്നതെന്ന് പൊലീസ് വിലയിരുത്തുന്നു.

സ്‌ഫോടക വസ്തുവിന് ഏറുപടക്കത്തിന് സ്വഭാവം മാത്രമേയുള്ളു എന്നായിരുന്നു ഫോറൻസിക് വിഭാഗത്തിന്റെ പ്രാഥമിക റിപ്പോർട്ടും. പൊട്ടാസ്യം ക്ലോറേറ്റ്, പൊട്ടാസ്യം നൈട്രേറ്റ്, സൾഫർ, അലുമിനിയം പൗഡർ, കരി എന്നിവയുടെ സാന്നിധ്യമാണ് രാസവസ്തുക്കളുടെ സാംപിളിൽനിന്നു കണ്ടെത്തിയതെന്നു റിപ്പോർട്ടിൽ പറയുന്നു. എകെജി സെന്ററിനു നേരെ ബോംബാണ് എറിഞ്ഞതെന്ന ഇ പി ജയരാജന്റെയും പി കെ ശ്രീമതിയുടെയും വാദങ്ങൾ നിരാകരിക്കുന്നതാണ് അന്തിമ ഫോറൻസിക് റിപ്പോർട്ടിലെ കണ്ടെത്തലുകൾ

ഡിയോ സ്‌കൂട്ടറിൽ വന്ന അക്രമി എവിടെ?

ഡിയോ സ്‌കൂട്ടറിലാണ് അക്രമി വന്നതെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പൊലീസിന് വ്യക്തമായിരുന്നു. ഇതനുസരിച്ച് തിരുവനന്തപുരം നഗരത്തിലും പരിസരപ്രദേശങ്ങളിലുമുള്ള രണ്ടായിരത്തോളം ഡിയോ സ്‌കൂട്ടറുകളുടെ വിവരങ്ങളാണ് ശേഖരിച്ചത്. എന്നാൽ ഈ അന്വേഷണത്തിലൊന്നും പ്രതിയിലേക്ക് എത്തുന്ന സൂചനകളൊന്നും ലഭിച്ചില്ല.

ഇതിനിടെ, എകെജി സെന്ററിന് നേരേ കല്ലെറിയുമെന്ന് പോസ്റ്റിട്ട യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ സ്ഫോടക വസ്തു എറിഞ്ഞ സംഭവത്തിൽ ഇയാൾക്ക് പങ്കില്ലെന്ന് കണ്ടെത്തി. പക്ഷേ, സാമൂഹികമാധ്യമത്തിലെ പോസ്റ്റിന് ഇയാൾക്കെതിരേ പൊലീസ് കേസെടുത്തു. ആദ്യം ജാമ്യമില്ലാ വകുപ്പുകളടക്കം ചുമത്തിയാണ് കേസ് എടുത്തെങ്കിലും സംഭവം വിവാദമായതോടെ സ്റ്റേഷൻ ജാമ്യത്തിൽ ഇയാളെ വിട്ടയക്കുകയായിരുന്നു. ആക്രമണത്തിന് ഉപയോഗിച്ചതെന്ന് ബോംബ് അല്ലെന്നും ഏറുപടക്കം പോലെയുള്ള വസ്തുവാണെന്നും പ്രാഥമിക ഫൊറൻസിക് പരിശോധനയിൽ കണ്ടെത്തിയിരുന്നു.

ആക്രമണം നടന്നതിന് പിന്നാലെ സംഭവത്തിന് പിന്നിൽ കോൺഗ്രസാണെന്ന് സിപിഎം നേതാവ് ഇ.പി. ജയരാജൻ അടക്കമുള്ളവർ ആരോപിച്ചിരുന്നു. ഇത് പിന്നീട് വലിയ രാഷ്ട്രീയവിവാദങ്ങൾക്കിടയായി. എകെജി സെന്റർ ആക്രമണവും പ്രതിയെ പിടികൂടാൻ കഴിയാത്തതും നിയമസഭയിലടക്കം ചർച്ചയായി. അത്യന്തം ഭീകരമായ ശബ്ദമാണ് സ്ഫോടകവസ്തു എറിഞ്ഞപ്പോൾ കേട്ടതെന്ന് സംഭവസമയം എകെജി സെന്ററിലുണ്ടായിരുന്ന പി.കെ. ശ്രീമതി ടീച്ചറും പ്രതികരിച്ചിരുന്നു. മൂന്നാംനിലയിലായിരുന്ന താൻ ജനലിലൂടെ നോക്കിയപ്പോൾ അക്രമിയെ കാണാനായില്ലെന്നും ശ്രീമതി ടീച്ചർ പറഞ്ഞിരുന്നു. സ്‌ഫോടന ശേഷിയുള്ള ബോംബ് വന്ന് വീണപ്പോൾ പ്രദേശമാകെ കിടുങ്ങിയെന്നാണ് ശ്രീമതി ടീച്ചറും ഇപി ജയരാജനും വിശദീകരിച്ചത്.