അഴിക്കോട്: അരുവിക്കര അഴിക്കോട് വളവെട്ടി പുലിക്കുഴിയിൽ അലി അക്‌ബറുടെ കണ്ണില്ലാത്ത ക്രൂരത വർഷങ്ങൾ നീണ്ട പകയ്ക്ക് ഒടുവിലെന്ന് പൊലീസ് നിഗമനം. കൊലപാതകത്തിന് കൃത്യമായ ആസൂത്രണം നടത്തിയതും അടങ്ങാത്ത പക ശേഷിച്ചതു കൊണ്ട് തന്നെ.

20 വർഷമായി അലി അക്‌ബറും ഭാര്യ മുംതാസും തമ്മിൽ മിണ്ടാറില്ല , മുഖത്തോട് മുഖം നോക്കാറു കൂടി ഇല്ല. അലി അക്‌ബർ വീടിന്റെ മുകളിലെത്തെ നിലയിലും ഭാര്യ മുതാംസും മകളും മാതാവും താഴത്തെ നിലയിലുമാണ് കഴിഞ്ഞിരുന്നത്. പിണക്കവും ശത്രുതയും കാരണം അക്‌ബർ അലി വീട്ടിൽ നിന്നും ഭക്ഷണം പോലും കഴിച്ചിരുന്നില്ല. വീട്ടിൽ വഴക്കും തർക്കങ്ങളും പതിവായപ്പോൾ മുതാംസ് വിവാഹമോചനം ആവിശ്യപ്പെട്ട് നെടുമങ്ങാട് കുടുംബ കോടതിയിൽ ഹർജി നൽകി. കൂടാതെ ഇവരുടെ പ്രശ്‌നങ്ങൾ സംബന്ധിച്ച് നെടുമങ്ങാട് കോടതിയിൽ തന്നെ വേറെയും കേസുകൾ ഉണ്ടെന്നാണ് പൊലീസ് നൽകുന്ന സൂചന.

വീട്ടുകാരുമായി എന്നും ഏറ്റുമുട്ടിയിരുന്ന അക്‌ബർ അലിക്ക് ജോലി സ്ഥലത്ത് മറ്റൊരു മുഖമാണ്. സഹപ്രവർത്തകർക്ക് അലി ഇക്കായെ കുറിച്ച് നല്ലതേ പറയാനുള്ളു. ജോലിയിൽ ആത്മാർത്ഥതയുള്ള സഹപ്രവർത്തകരോട് സ്‌നേഹവും കരുണയും വെച്ച് പുലർത്തുന്ന സാത്വികൻ. അലിയുടെ ക്രൂരത കേട്ട് സഹപ്രവർത്തകരും ഞെട്ടി. പാവപ്പെട്ട വീട്ടിലെ പെൺകുട്ടിയെ ജീവിത സഖിയാക്കിയതാണ് തനിക്ക് പറ്റിയ അബദ്ധമെന്ന് പൊലീസിന് കിട്ടിയ അലിയുടെ തന്നെ ആത്മഹത്യാ കുറിപ്പിൽ പരാമർശം ഉണ്ട്. മണക്കാട് സ്വദേശിയായ അലി മുതാംസിനെ നിക്കാഹ് കഴിച്ച ശേഷമാണ് അഴീക്കോട് സ്ഥലം വാങ്ങി വീടുവെച്ചത്.

ഈ ക്രൂരകൃത്യത്തിലേക്കു നയിച്ചത് വൻ കടബാധ്യതയാണെന്നാണ് പൊലീസ് പറയുന്നത്. . നാട്ടുകാരുമായി ഒരു അടുപ്പവും അലി അക്‌ബറിനുണ്ടായിരുന്നില്ല. ജോലിക്കുപോയി മടങ്ങി വന്നാൽ വീട്ടിൽ ഒറ്റയ്ക്ക് ഇരിക്കുകയാണ് പതിവ്. അതുകൊണ്ട് തന്നെ നാട്ടുകാർക്ക് ആർക്കും അലി അക്‌ബറിനെ കുറിച്ചൊന്നും അറിയില്ല. അടുത്തമാസം സർവീസിൽനിന്നു വിരമിക്കുന്ന അലി അക്‌ബറിന് സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമായിരുന്നു.

ബന്ധുക്കൾക്ക് ജാമ്യം നിന്നും ഓൺലൈൻ റമ്മി കളിച്ചും അലി അക്‌ബർ വലിയ ബാധ്യതയുണ്ടാക്കി. ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും വേണ്ടി ഒട്ടേറെ വായ്പകൾക്ക് അലി അക്‌ബർ ജാമ്യം നിന്നു. ആരും തിരിച്ചടച്ചില്ല. ഇതോടെ തുക അലി അക്‌ബറിന്റെ ശമ്പളത്തിൽ നിന്നു തിരിച്ചു പിടിക്കുകയായിരുന്നു. പെൻഷൻപോലും യഥാസമയം കിട്ടാനുള്ള സാധ്യതയില്ല. ഈ പ്രശ്നങ്ങൾ അലി അക്‌ബറിനെ മാനസികമായി അലട്ടിയിരുന്നു. ഇതോടെയാണ് കടുംകൈയ്ക്ക് അലി അക്‌ബറിനെ പ്രേരിപ്പിച്ചത്.

കടബാധ്യത തീർക്കാൻ വീട് വിൽക്കണമെന്ന് അലി അക്‌ബർ നിരവധിതവണ ഭാര്യയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഭാര്യയും ഭാര്യാമാതാവും അവരുടെ ബന്ധുക്കളും ഇതിനു സമ്മതിച്ചില്ല. ഇതുകാരണം വഴക്കു പതിവായിരുന്നു. ഓൺലൈൻ റമ്മി കളിക്ക് അടിമയായിരുന്ന അലി അക്‌ബർ ഇതിനുവേണ്ടിയും വൻ തുക കടം വാങ്ങി. കടം വാങ്ങിയവർക്ക് ഭാര്യ അറിയാതെ അവരുടെ പേരിലുള്ള ചെക്കാണ് നൽകിയത്. ഇതും വീട്ടിലെ പ്രശ്നങ്ങൾ സങ്കീർണമാക്കി. ഭാര്യയുമായി നിരന്തരം വഴക്കായി. കുടുംബകോടതിയിൽ വിവാഹമോചനത്തിന് കേസും നൽകി.

ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്കു ശ്രമിച്ച സംഭവത്തിൽ പൊലീസ് കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പിൽ ക്രൂരകൃത്യത്തിലേക്ക് നയിച്ച കാരണങ്ങൾ എണ്ണി എണ്ണി പറയുന്നു.. നിരവധി പേജുകളുള്ള കുറിപ്പാണ് കണ്ടെത്തിയത്.. കടബാധ്യത മകൻ വീട്ടണമെന്നും കത്തിൽ പറയുന്നു. സാമ്പത്തികമായി ഒരുപാട് ബാധ്യതയുണ്ടെന്നും ഓൺലൈൻ ഗെയിം കളിച്ചാണ് പണം നഷ്ടമായതെന്നും കുറിപ്പിൽ സൂചിപ്പിക്കുന്നുണ്ട്. കടം വാങ്ങിയവരുടെയും തിരിച്ചുകൊടുക്കാനുള്ളവരുടെയും പേരുകളും കുറിപ്പിലുണ്ട്. കടം വീട്ടാൻ ഭാര്യാമാതാവിന്റെ വസ്തുവിൽ കണ്ണുവെച്ച് അലി അക്‌ബർ നടത്തിയ നീക്കമാണ് കുടുംബ കലഹത്തിലും ഇരട്ടക്കൊലയിലും കലാശിച്ചത്.

ഭാര്യാമാതാവ് സാഹിറയുടെ പേരിലുള്ള വീടും സ്ഥലവും തന്റെയും ഭാര്യയുടെയും പേർക്ക് എഴുതിത്ത്ത്ത്തരണമെന്ന ആവശ്യം ഇവർ അംഗീകരിക്കാതെ വന്നതോടെയാണ് അക്രമം നടന്നത്. സ്വത്തിനെ ചൊല്ലിയുള്ള തർക്കത്തിനിടെ ഭർത്താവ് വെട്ടുകത്തികൊണ്ടു മാതാവിനെ വെട്ടുന്നത് തടഞ്ഞപ്പോഴാണ് മുംതാസിനും വെട്ടേറ്റത്. നെടുമങ്ങാട് ഗവ. ഗേൾസ് സ്‌കൂളിലെ അദ്ധ്യാപികയാണ് മുംതാസ്. അലി അക്‌ബർ എസ് എ ടി ആശുപത്രിയിലെ സെക്യൂരിറ്റി ഓഫീസറാണ്. രണ്ടു മക്കളുണ്ട്.

'ഇന്ന് ഇവിടെ രണ്ട് കൊലപാതകങ്ങളും ഒരു ആത്മഹത്യയും നടക്കും. കുടുംബപ്രശ്‌നങ്ങളെ തുടർന്ന് ഞാൻ നടത്തുന്ന കൃത്യങ്ങൾക്ക് മറ്റാർക്കും ബന്ധമില്ല. കടബാധ്യതകളും ദാമ്പത്യപ്രശ്‌നവുമാണ് ഇതിന് കാരണം'' എന്നാണ് ആത്മഹത്യാ കുറിപ്പിൽ പറയുന്നത്. ദിവസങ്ങൾ നീണ്ട ആസൂത്രണത്തിനും തയ്യാറെടുപ്പിനും ശേഷമാണ് അലി കൃത്യം നിർവഹിച്ചതെന്നാണ് പൊലീസ് പറയുന്നത്. പെട്രോൾ, വെട്ടുകത്തി, സ്‌ക്രൂഡ്രൈവർ, ചുറ്റിക എന്നിവ ഇതിനായി തരപ്പെടുത്തിയതും ദീർഘമായ ആത്മഹത്യാ കത്ത് തയ്യാറാക്കിയതുമെല്ലാം ഇതിന്റെ സൂചനകളായാണ് പൊലീസ് കരുതുന്നത്.

വെള്ളപേപ്പറുകളിലായി എഴുതി ആളുകൾ ശ്രദ്ധിക്കത്തക്ക വിധത്തിലാണ് വീട്ടിനുള്ളിൽ ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയത് എന്ന് പൊലീസ് പറഞ്ഞു. തനിക്ക് ജോലി ലഭിച്ചതും മുംതാസുമായുള്ള വിവാഹവും കുട്ടികളുടെ പഠനവുമുൾപ്പെടെ ഇരുവരുമൊന്നിച്ചുള്ള ജീവിതത്തിലെ പ്രധാന ഘട്ടങ്ങളെല്ലാം അലി അക്‌ബർ കത്തിൽ വിവരിച്ചിട്ടുണ്ട്. കണക്കുകൂട്ടലുകളിലുണ്ടായ പിഴവ് ജീവിതം തകർത്തതിന് സ്വയം ശപിക്കുന്നതും നാട്ടുകാരോടും മക്കളോടും ക്ഷമ ചോദിക്കുന്നതും കത്തിലുണ്ട്.

എൻജിനിയറിങ് പഠനം പൂർത്തിയാക്കിയ മകന് ജോലി ലഭിക്കുമെന്നും മകളെ നന്നായി പഠിപ്പിക്കണമെന്നും ഇരുവരും നല്ലനിലയിൽ ജീവിക്കണമെന്നും ഉപദേശിച്ചാണ് കത്ത് അവസാനിപ്പിക്കുന്നത്. മരണമൊഴിയിലും അലി അക്‌ബർ കത്തിനെപ്പറ്റി സൂചിപ്പിച്ചിട്ടുണ്ട്. ഭാര്യ മുംതാസുമായി കുടുംബകോടതിയിൽ നിലനിൽക്കുന്ന കേസുമായി ബന്ധപ്പെട്ട ഗാർഹികാതിക്രമ കേസുകളിലെ ഉത്തരവുകളും ഇതോടൊപ്പം ചേർത്തിരുന്നു. ഇവയെല്ലാം സഹിതം 60 പേജോളം കത്തിലുണ്ടെന്നാണ് പൊലീസ് നൽകുന്ന സൂചന. കത്ത് പൊലീസ് കസ്റ്റഡിയിലായതിനാൽ മറ്റ് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

അലി അക്‌ബർ ബന്ധുക്കൾക്ക് ജാമ്യം നിന്ന് ലക്ഷങ്ങളുടെ കടക്കെണിയിലായതായി പൊലീസ് പറയുന്നു. സാലറി സർട്ടിഫിക്കറ്റ് ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും മറ്റും വായ്പയെടുക്കാൻ അലി അക്‌ബർ ഈട് നൽകിയിരുന്നു. പലരും വായ്പകളുടെ തിരിച്ചടവിൽ മുടക്കം വരുത്തിയതോടെ അലി അക്‌ബറിന്റെ ശമ്പളം പിടിക്കാൻ തുടങ്ങി. വസ്തുവാങ്ങി വീടുനിർമ്മിച്ച വകയിലും കാർ ലോൺ എടുത്ത വകയിലും ഇയാൾക്ക് വലിയ സാമ്പത്തിക ബാദ്ധ്യതയുണ്ടായി. ഇതിനു പുറമെ ഓൺലൈൻ ചൂതാട്ടവുമായി ബന്ധപ്പെട്ട് അലി അക്‌ബർ ഭീമമായ സാമ്പത്തിക ബാദ്ധ്യതയുടെ നടുവിലായിരുന്നുവെന്നും പറയപ്പെടുന്നു.

ഇതിനിടെ അലി അക്‌ബറിന്റെ സാമ്പത്തിക ബാധ്യതകൾ ഭാര്യ മുംതാസ് ഏറ്റെടുക്കേണ്ടിവന്ന ഘട്ടത്തിൽ പുലിക്കുഴിയിൽ വാങ്ങിയ വസ്തുവും വീടും മുംതാസിന്റെ പേരിലേക്ക് മാറ്റി. സാമ്പത്തിക ബാദ്ധ്യതകൾ ക്രമാതീതമായതോടെ വസ്തുവും വീടും വിൽക്കാൻ അലി തീരുമാനിച്ചെങ്കിലും മുംതാസും ഭാര്യാമാതാവ് സാഹിറയും എതിരായി. സാമ്പത്തിക ബാദ്ധ്യതയിൽ നട്ടംതിരിഞ്ഞ അലി അക്‌ബർ പലരിൽ നിന്നായി വൻതുകകൾ കടംവാങ്ങി. കടക്കാർക്ക് യഥാസമയം പണം തിരികെ നൽകാൻ കഴിയാത്തതും ഇയാളെ സമ്മർദ്ദത്തിലാക്കി.
. വീട് വിറ്റ് പണം നൽകണമെന്ന് അലി അക്‌ബർ ഭാര്യയോട് ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാൽ, ഭാര്യയും ഭാര്യാമാതാവും അതിനു സമ്മതിക്കാത്തതിനാൽ വഴക്ക് പതിവായിരുന്നുവെന്നും പൊലീസ് പറയുന്നു.