കാലിഫോർണിയ: അമേരിക്കയിൽ നാലംഗ മലയാളി കുടുംബത്തെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിശദാംശങ്ങൾ പുറത്ത്. കാലിഫോർണിയ സാന്മെറ്റേയോയിൽ താമസിച്ചിരുന്ന കൊല്ലം സ്വദേശി ആനന്ദ് സുജിത് ഹെന്റി(42) ഭാര്യ ആലീസ് പ്രിയങ്ക ബെൻസിഗർ(40) ഇരട്ടക്കുട്ടികളായ നോഹ, നെയ്തൻ(4) എന്നിവരുടെ മരണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തു വരുന്നത്. സംശയ രോഗമായിരുന്നു ആനന്ദിന്. കുറച്ചു കാലമായി തുടങ്ങിയ സംശയത്തിൽ കുടുംബത്തെ ഇല്ലായ്മ ചെയ്യാൻ നേരത്തെ തീരുമാനിച്ചിരുന്നു.

കുളിമുറിയിൽനിന്ന് കണ്ടെടുത്ത പിസ്റ്റൾ മാസങ്ങൾക്ക് മുമ്പ് വാങ്ങിയതാണെന്നും ഇതിന് ലൈസൻസുണ്ടെന്നുമാണ് റിപ്പോർട്ട്. തോക്ക് വാങ്ങിയത് തന്നെ ഭാര്യയോട് പ്രതികാരം ചെയ്യാനായിരുന്നു. കിളികൊല്ലൂർ വെളിയിൽ വീട്ടിൽ പരേതനായ ബെൻസിഗർജൂലിയറ്റ് ദമ്പതികളുടെ ഏക മകളാണ് ആലീസ് പ്രിയങ്ക. ആലീസിന്റെ അമ്മ ജൂലിയറ്റ് അമേരിക്കയിലായിരുന്നു. 11നാണ് അവിടെ നിന്നു നാട്ടിലേക്കു തിരിച്ചത്. അമ്മ മടങ്ങിയ ശേഷം കൃത്യം നടത്താനായിരുന്നു ആനന്ദിന്റെ പദ്ധതി. അതാണ് പ്രാവർത്തികമാക്കിയത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആനന്ദ് സുജിത് സ്വയം നിറയൊഴിച്ചതാണെന്നാണ് പൊലീസിന്റെ നിഗമനം.

കുളിമുറിയിൽ ബാത്ത്ടബ്ബിൽവച്ചാണ് ഭാര്യയ്ക്ക് നേരേ വെടിവെച്ചതെന്നാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോർട്ട്. ഇതിനുപിന്നാലെ ആനന്ദ് സ്വയം നിറയൊഴിക്കുകയായിരുന്നു. കുളിമുറിയിൽനിന്ന് 9 എം.എം. പിസ്റ്റൾ കണ്ടെടുത്തതായും പൊലീസിനെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കുട്ടികളെ കൊലപ്പെടുത്തിയത് എങ്ങനെയാണെന്ന് സംബന്ധിച്ച് ഇതുവരെ വ്യക്തതയില്ല. കുട്ടികളുടെ ശരീരത്തിൽ വെടിയേറ്റതിന്റെ അടയാളങ്ങളില്ലെന്ന് പൊലീസ് നേരത്തെ സ്ഥിരീകരിച്ചിരുന്നു. വിഷംന ൽകിയോ ശ്വാസംമുട്ടിച്ചോ കുട്ടികളെ കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക നിഗമനം.

2020-ലാണ് ആനന്ദും പ്രിയങ്കയും സാന്മെറ്റേയോയിലെ വീട്ടിൽ താമസം ആരംഭിച്ചത്. 2.1 മില്ല്യൺ ഡോളർ(ഏകദേശം 17 കോടിയിലേറെ രൂപ) വിലവരുന്ന വീട്ടിലായിരുന്നു കുടുംബത്തിന്റെ താമസം. അഞ്ച് കിടപ്പുമുറികളുള്ള വീട്ടിലെ ഒരുമുറിയിലാണ് കുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. അത്യാഡംബര ജീവിതമായിരുന്നു ആനന്ദ് നേരത്തെ ഗൂഗിളിലും മെറ്റയിലും സോഫ്റ്റ് വേർ എൻജിനീയറായി ജോലിചെയ്തിരുന്നു. പിന്നീട് നിർമ്മിത ബുദ്ധിയിൽ അധിഷ്ഠിതമായ പുതിയ കമ്പനി തുടങ്ങി. ഭാര്യ ആലീസ് 'സില്ലോ'യിൽ ഡേറ്റ സയൻസ് മാനേജരായിരുന്നു. 2016-ൽ ആനന്ദ് വിവാഹമോചനത്തിനായി ഹർജി ഫയൽചെയ്തിരുന്നതായും എന്നാൽ പിന്നീട് ഇതുമായി മുന്നോട്ടുപോയില്ലെന്നും റിപ്പോർട്ടുകളിലുണ്ട്.

കൊലപാതകത്തിലേക്കും ആത്മഹത്യയിലേക്കും നയിച്ച കാരണമെന്താണെന്ന് പൊലീസ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. സംഭവത്തിൽ പൊലീസിന്റെ അന്വേഷണം തുടരുകയാണെന്നും പ്രാദേശിക മാധ്യമങ്ങളടക്കം റിപ്പോർട്ട് ചെയ്തു. ഭാര്യയെ കൊന്ന ശേഷമാണ് മക്കളെ ആനന്ദ് കൊന്നതെന്നും സൂചനയുണ്ട്. ഇതിന് ശേഷം സ്വയം വെടിയുതിർത്ത് മരിച്ചു. വെടിയൊച്ച അയൽക്കാരും കേട്ടിരുന്നു. എന്നാൽ കാര്യമില്ലെന്ന് കരുതി ആരും ഗൗരവത്തിൽ എടുത്തില്ലത്രേ. ഈ കുടുംബത്തിലെ പ്രശ്‌നങ്ങളെ കുറിച്ച് അയൽക്കാർക്ക് വലിയ വിവരമില്ല. അടുത്തടുത്ത് വീടുകളുള്ള സ്ഥലമാണ് ഇവിടം.

അമേരിക്കയിൽ നിന്നും മടങ്ങിയ അമ്മ ജൂലിയറ്റ് 12ന് രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തി ആലീസിനെ വിളിച്ചിരുന്നു. കൊല്ലത്തെ വീട്ടിലെത്തിയ ശേഷം ഇരുവർക്കും വാട്സാപ് മെസേജ് അയച്ചു. ഒരാൾ മാത്രമാണ് മെസേജ് കണ്ടത്. തിരിച്ചു വിളിക്കാഞ്ഞതിനെ തുടർന്ന് അമേരിക്കയിലുള്ള ഒരു ബന്ധുവിനെ ജൂലിയറ്റ് വിവരം അറിയിച്ചു. അദ്ദേഹം ഒരു സുഹൃത്ത് മുഖേന അന്വേഷിച്ചു. അങ്ങനെയാണ് മരണം പുറംലോകത്ത് എത്തിയത്.

ആനന്ദിന്റെ വീടിനു പുറത്ത് എത്തിയ സുഹൃത്തിനു സംശയം തോന്നിയാണ് പൊലീസിൽ വിവരം അറിയിച്ചത്. പൊലീസ് എത്തി പൂട്ടു തുറന്നപ്പോഴാണ് ഒരു മുറിയിൽ നാലു പേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.